- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ വലിയ കൊള്ളകള്‍ക്കിടെ താല്‍ക്കാലിക ജീവനക്കാരുടെയും ചെറിയ കൊളളകളും നിരവധി; അമിത കൂലി ഈടാക്കിയ ഡോളി തൊഴിലാളികള്‍ അറസ്റ്റില്‍; മുറി എടുത്തു കൊടുത്ത് പണം വാങ്ങിയ രണ്ട് താല് ക്കാലിക ജീവനക്കാരെ ദേവസ്വം വിജിലന്‍സ് പിടികൂടി
ശബരിമലയില്‍ ചിന്നക്കൊള്ളകളും നിരവധി
ശബരിമല: സ്വര്‍ണപ്പാളി അടക്കമുള്ള വന്‍ കൊള്ളയുടെ കഥകളും തുടര്‍ക്കഥകളും ചര്‍ച്ച ചെയ്യുന്നതിനിടെ ശബരിമലയില്‍ ചിന്നക്കൊള്ളകളും നിരവധി. ദര്‍ശനത്തിന് എത്തിയ അയ്യപ്പഭക്തരെ കബളിപ്പിച്ച പണം തട്ടിയ നാല് ഡോളി തൊഴിലാളികളെ സന്നിധാനം പോലിസ് അറസ്റ്റ് ചെയ്തു. അനധികൃതമായി മുറി എടുത്തു കൊടുത്ത് പണം വാങ്ങിയ രണ്ട് താല് ക്കാലിക ജീവനക്കാരെ ദേവസ്വം വിജിലന്‍സ് പിടികൂടി മടക്കി അയക്കുകയും ചെയ്തു.
തെങ്കാശി വേലായുധപുരം ആര്‍.സി.കോവില്‍ സ്ട്രീറ്റ് സ്വദേശികളായ കറുപ്പുസാമി (50), സൂര്യ (23), മരിയദാസ് (37), മഹേന്ദ്രന്‍ (24) എന്നിവരാണ് ഡോളിക്കൊള്ളയ്ക്ക് അറസ്റ്റിലായത്. 5000 രൂപ നല്‍കിയാല്‍ നീലിമലയിലുള്ള ഷെഡ് നമ്പര്‍ 3 ല്‍ നിന്നും ഡോളിയില്‍ സന്നിധാനത്ത് എത്തിക്കാം എന്നു പറഞ്ഞ് കയറ്റിക്കൊണ്ടു പോയി. ശരംകുത്തിയില്‍ എത്തിയപ്പോള്‍ ഗൂഗിള്‍ പേ വഴി 8000 രൂപ കൈപ്പറ്റിയ ശേഷം സന്നിധാനം തൊട്ടടുത്താണെന്നും ഇനി നടന്നു പോയാല്‍ മതി എന്നും പറഞ്ഞ് ഇറക്കി വിടുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ സന്നിധാനം പോലീസ് സബ് ഇന്‍സ്പെക്ടര്‍ വി.എസ്. വിഷ്ണു കേസ് രജിസ്റ്റര്‍ ചെയ്തു. പമ്പ പോലീസ് ഇന്‍സ്പെക്ടര്‍ സി.കെ.മനോജിന്റെ നേതൃത്വത്തില്‍ സന്നിധാനം പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ മാരായ ജീവന്‍ദാസ്, പുഷ്പദാസ്, വിനോദ് എന്നിവരും പമ്പ സ്റ്റേഷനിലെ എസ്.സി.പി.ഒ മാരായ സാംസണ്‍, അരുണ്‍ലാല്‍ എന്നിവരും ചേര്‍ന്ന് പമ്പയില്‍ നിന്നും പ്രതികളെ പിടികൂടുകയുമായിരുന്നു.
ശബരിമല ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തന്മാരില്‍ നിന്ന് അമിതമായ കൂലി വാങ്ങുന്നതായി മുമ്പും പരാതി ഉയര്‍ന്നിരുന്നു. മൂന്നുദിവസം മുമ്പും അയ്യപ്പഭക്തരില്‍ നിന്നും അമിതതുക ഈടാക്കിയതിന് പമ്പ പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. അറസ്റ്റിലായ ഡോളി തൊഴിലാളികളുടെ പാസ് റദ്ദാക്കുന്നതിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രതികളെ റാന്നി കോടതിയില്‍ ഹാജരാക്കി.
അനധികൃതമായി മുറി എടുത്തു കൊടുത്ത് പണം വാങ്ങിയ രണ്ട് താല് ക്കാലിക ജീവനക്കാരെ ദേവസ്വം വിജിലന്‍സ് പിടികൂടി മടക്കി അയച്ചു.തീര്‍ത്ഥാടകര്‍ താമസിക്കുന്ന മുറികളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ശുചീകരണ ജോലി ചെയ്യുന്നവരെയാണ് മടക്കിയത്. വിജിലന്‍സ് എസ്.പി. സുനില്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ രാകേഷിന്റെ നേതൃത്വത്തിലാണ് ഡോണര്‍ ഹൗസു കളിലും പില്‍ഗ്രിം സെന്ററുകളിലും പരിശോധന നടന്നത്. സന്നിധാനത്ത് തീര്‍ത്ഥാടക രില്‍ നിന്ന് അമിത വില ഈടാക്കിയ ഹോട്ടലിന് 5000 രൂപ പിഴ ഈടാക്കുകയും ചെയ്തു. നടപ്പന്തലിന് സമീപം വിരിയില്‍ പായയ്ക്ക് കൂടുതല്‍ പണം വാങ്ങിയതിന് പിഴ ഈടാക്കി. മാളികപ്പുറം ക്ഷേത്രത്തിന് സമീപം വിരിവച്ചവരില്‍ നിന്ന് പണം ചോദിച്ച് വാങ്ങിയ മൂന്ന് വിശുദ്ധി സേനാംഗങ്ങളെ മടക്കി അയച്ചു. സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജിലന്‍സിന്റെ പരിശോധന നടന്നു വരികയാണ്. തീര്‍ത്ഥാടക രെ ചൂഷണം ചെയ്യുന്നവരെ പിടികൂടാന്‍ വലിയ തോതിലുള്ള പരിശോധനയാണ്
നടക്കുന്നത്.




