തിരുവനന്തപുരം: ശബരിമല മേല്‍ശാന്തി സമാജം എന്ന പേരില്‍ വിദേശങ്ങളിലടക്കം കോടികളുടെ അനധികൃത പിരിവെന്ന് ആരോപണം മേല്‍ശാന്തി സമാജത്തിന് കാലടിയില്‍ ആസ്ഥാനമന്ദിരം നിര്‍മിക്കാന്‍ എന്ന പേരിലാണ് മലേഷ്യ അടക്കം വിദേശ രാജ്യങ്ങളിലെ അയ്യപ്പ ഭക്തരില്‍നിന്നും കോടികള്‍ സംഭാവന പിരിക്കുന്നതില്‍ അന്വേഷണം തുടങ്ങി.

അഖില ഭാരതീയ അയ്യപ്പ ധര്‍മ പ്രചാരസഭ എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ചാണ് കോടികള്‍ പിരിക്കുന്നത്. 2006-ല്‍ തുടങ്ങിയ അഖില ഭാരതീയ അയ്യപ്പധര്‍മ്മ പ്രചാര സഭ എന്ന സംഘടനയുടെ അതേ പേരും ലോഗോയും വ്യാജമായി ഉണ്ടാക്കി ഉപയോഗിച്ചാണ് തട്ടിപ്പെന്നാണ് ആരോപണം. ഇതിനോടകം 100 കോടിക്കുമേല്‍ പണം ഈ ട്രസ്റ്റിന്റെ പേരുപയോഗിച്ച് തട്ടിയെടുത്തുവെന്നാണ് ആരോപണം. ശബരിമല തീര്‍ത്ഥാടനകാലം ആരംഭിച്ചതോടെ തട്ടിപ്പിന്റെ വ്യാപ്തി കൂടി. സംഭവത്തില്‍ തട്ടിപ്പിന് ഇരയായ അന്യസംസ്ഥാനത്തെ ഒരു ഗുരുസ്വാമി ദേവസ്വം വിജിലന്‍സിന് പരാതി നല്‍കി. ഇതോടെയാണ് അന്വേഷണം തുടങ്ങിയത്.

നാറാണംതോട് കേന്ദ്രീകരിച്ച് പുതിയ അയ്യപ്പ ക്ഷേത്രം നിര്‍മിക്കാനും നീക്കമുണ്ട്. സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് നേരത്തെ എല്‍ഐസി ഡവലപ്പ്‌മെന്റ് ഓഫീസര്‍ സ്ഥാനത്തുനിന്നും പിരിച്ചു വിട്ട ആളിനെതിരെയാണ് ആരോപണം. മേല്‍ശാന്തി സമാജത്തിന് കാലടിയില്‍ സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിക്കാനെന്ന പേരിലാണ് ധനാഢ്യരായ അയ്യപ്പഭക്തരില്‍ നിന്നും വന്‍തുകകള്‍ തട്ടിയെടുക്കുന്നത്.

സാമ്പത്തിക തട്ടിപ്പിനിരയായ ഒരു ഗുരുസ്വാമി ദേവസ്വം വിജിലന്‍സിനു സംസ്ഥാന വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്. അന്യ സംസ്ഥാനത്തുള്ള ഒരു മുതിര്‍ന്ന അയ്യപ്പഭക്തനും പരാതി നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചതോടെ ദേവസ്വം വിജിലന്‍സ് സമഗ്ര അന്വേഷണത്തിന് തയ്യറെടുക്കുന്നു എന്നാണ് സൂചന.