കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ പയ്യാവൂരിലെ ഉപ്പുപടന്നയിലെ വീട്ടില്‍ നിന്നും ചാരായംവാറ്റുന്നത് ചോദ്യം ചെയ്ത മകനെ കുത്തിക്കൊന്ന കേസില്‍ പിതാവിന് ജീവപര്യന്തം തടവും പിഴശിക്ഷയും തലശേരി അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷ വിധിച്ചു. പയ്യാവൂരിലെ വീട്ടില്‍ നിന്നും മകനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ പിതാവിനാണ് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.

ഉപ്പുപടന്ന സ്വദേശി സജി ജോര്‍ജിനാണ് ശിക്ഷ വിധിച്ചത്. 19 വയസ്സുകാരന്‍ ഷാരോണിനെയാണ് കുത്തി കൊലപ്പെടുത്തിയത്. 2020 ഓഗസ്റ്റ് 15നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. കൊലപാതകത്തിന്റെ തലേദിവസം സജി വീട്ടില്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞിരുന്നു. ഈ വിരോധത്താല്‍ മകനെ കൊലപ്പെടുത്തിയെന്നാണ് പ്രൊസിക്യൂഷന്‍ കേസ്. 31 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. നാല് വര്‍ഷത്തെ വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. ഷാരോണിന്റെ അമ്മ വിദേശത്തു ജോലി ചെയ്തുവരികയാണ്.

ഇവര്‍ അയക്കുന്ന പണം പിതാവ് മദ്യപിച്ചു കളയുന്നതിനാല്‍ മകന്റെ അക്കൗണ്ടു വഴിയാണ് അയച്ചിരുന്നത്. സജി ചോദിക്കുമ്പോള്‍ പണം കൊടുക്കാത്ത വൈരാഗ്യവും ഷാരോണിനോടുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. മുഴുനീളെ മദ്യപാനിയാണ് സജിയെന്ന് പയ്യാവൂര്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു. പയ്യാവൂര്‍ പൊലിസാണ് കേസില്‍ കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.