- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളീയ തനിമയോടെ ആചാരങ്ങളിലും ഉത്സവങ്ങളിലും ആന എഴുന്നള്ളിപ്പ് നിലനിര്‍ത്തും; ഉത്സവങ്ങളില്‍ നാട്ടാനകളുടെ സംരക്ഷണം ഉറപ്പു വരുത്തും: മന്ത്രി എ കെ ശശീന്ദ്രന്‍
തിരുവനന്തപുരം: കേരളീയ തനിമയോടെ ആചാരങ്ങളിലും ഉത്സവങ്ങളിലും ആന എഴുന്നള്ളിപ്പ് നിലനിര്‍ത്തുന്നതോടൊപ്പം നാട്ടാനകളുടെ ആരോഗ്യവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കേരള ക്യാപ്റ്റീവ് എലിഫന്റ് കരട് ചട്ടത്തിന്മേലുള്ള ചര്‍ച്ചയൂം നാട്ടാന പരിപാലനം ഉപയോക്താക്കളുടെ സംസ്ഥാനതലയോഗവും തിരുവനന്തപുരത്തെ സോഷ്യല്‍ ഫോറസ്ട്രി ട്രെയിനിങ് കോംപ്ലക്സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് ആദ്യമായി നാട്ടാന പരിപാലന ചട്ടങ്ങള്‍ നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. 2003ല്‍ ആദ്യമായി വന്ന ചട്ടം 2012ല്‍ ഭേദഗതി ചെയ്തതാണ് നിലവില്‍ പ്രാബല്യത്തിലുള്ളത്. 2018 ലെ നാട്ടാന സെന്‍സസ് പ്രകാരം കേരളത്തില്‍ 521 നാട്ടാനകളുണ്ടായിരുന്നു. നിലവിലെ കണക്ക് പ്രകാരം 381 നാട്ടാനകള്‍ ഉള്ളതില്‍ 39 എണ്ണം വനം വകുപ്പിന്റെ സംരക്ഷണയിലുള്ളതാണ്. ആനകളുടെ എണ്ണത്തില്‍ കുറവ് വന്നതും ഉത്സവങ്ങളിലടക്കം ആനകള്‍ക്ക് ആവശ്യം കൂടിയ സാഹചര്യം നിലവിലുണ്ട്. ഇതോടെ ആനകളുടെ പ്രദര്‍ശനവും ഉപയോഗവും നിയന്ത്രണാതീതമായി വര്‍ദ്ധിച്ചു.
ആനകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ പ്രകൃതി, വന്യജീവി സംഘടനകളുടെ നിര്‍ദേശങ്ങളും വിവിധ കോടതി ഇടപെടലുകളും സര്‍ക്കാര്‍ പ്രാധാന്യത്തോടെ കാണുന്നു. ഇന്നത്തെ സാഹചര്യങ്ങളുടെയും പ്രായോഗിക അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ കുറ്റമറ്റ രീതിയിലുള്ള കേരള ക്യാപ്റ്റീവ് എലിഫന്റ് (മാനേജ്മെന്റ് & മെയിന്റനന്‍സ്) കരട് ചട്ടം 2023ല്‍ തയാറാക്കി. ആനകളുടെ ഉടമസ്ഥര്‍, ഉത്സവ നടത്തിപ്പുകാര്‍, ആന പരിപാലന സംഘടനകള്‍ എന്നിവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ച് ചട്ടം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആനകളെ എഴുന്നള്ളിക്കുന്നതിലും അവയുടെ കൃത്യമായ സംരക്ഷണം ഉറപ്പു വരുത്തുന്നതുമായി ബന്ധപ്പെട്ട് മികച്ച രീതിയില്‍ ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍ ഇന്നത്തെ ചര്‍ച്ചയിലൂടെ സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഭരണം) പ്രമോദ് ജി. കൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗംഗാ സിംഗ്, അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ രാജേഷ് രവീന്ദ്രന്‍, പി. പുകഴേന്തി, എല്‍. ചന്ദ്രശേഖര്‍, ജസ്റ്റിന്‍ മോഹന്‍ തുടങ്ങിയവര്‍ സന്നിഹിതരായി.