ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ ശക്തമായ മഴയിൽ യുപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് രാവിലെയാണ് സംഭവം. കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. കെട്ടിടത്തിന് ഒരു വർഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗിക്കാത്ത കെട്ടിടത്തിന്‍റെ മേൽക്കൂരയാണ് തകർന്നു വീണതെന്ന് പ്രധാനാധ്യാപകൻ ബിജു പറഞ്ഞു. എന്നാൽ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ വച്ച് ക്ലാസെടുത്തിരുന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

കെട്ടിടത്തിന്റെ മേൽക്കൂരയല്ല, വരാന്തയുടെ ചെറിയ ഭാ​ഗമാണ് തകർന്നുവീണതെന്ന് സ്കൂളിലെ പ്രധാന അധ്യാപകൻ പറഞ്ഞു. കൂടാതെ, തകർന്നു വീണത് ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിന്റെ ഭാഗമാണ്. ഈ കെ‌ട്ടിടത്തിൽ ക്ലാസുകൾ നടക്കുകയോ ഓഫീസ് പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. കൂടാതെ കെട്ടിടം ഈ അവസ്ഥയിലായിട്ട് ചുരുക്കം നാളുകൾ മാത്രമാണ് ആയിട്ടുള്ളതെന്നാണ് അധ്യാപകൻ പറഞ്ഞത്.

പഴക്കമുള്ള കെട്ടിടം പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് പഞ്ചായത്ത് നടപടികൾ ന‌ടന്നുവരികയാണെന്നും നിലവിൽ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, സംഭവത്തിൽ പ്രധാന അധ്യാപകന്റെ വാദം വിദ്യാർത്ഥികൾ നിഷേധിച്ചു. മേൽക്കൂരയുടെ ഭാഗം തകർന്ന കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു. വ്യാഴാഴ്ച വരെയും ഇവിടെ ക്ലാസുകൾ നടന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.