കോഴിക്കോട്: കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ററി സ്കൂള്‍ ജീവനക്കാര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ രണ്ടു പേര്‍ക്കെതിരെ കേസ് എടുത്തു. പുതിയപാലം സ്വദേശികളായ ഋതുല്‍,അക്ഷയ് എന്നിവര്‍ക്കെതിരെയാണ് കസബ പോലീസ് കേസെടുത്തിരിക്കുന്നത്. മര്‍ദ്ദനം, അസഭ്യം പറയല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മര്‍ദനമേറ്റ ജീവനക്കാരുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. ഇവരെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ നടന്ന സ്കൂള്‍ വാര്‍ഷികാഘോഷ പരിപാടിക്കിടയിലാണ് യുവാക്കള്‍ ജീവനക്കാരെ മര്‍ദിച്ചത്. സ്കൂള്‍ മുറ്റത്ത് അതിക്രമിച്ച് കടക്കാനുള്ള യുവാക്കളുടെ ശ്രമം തടഞ്ഞപ്പോഴായിരുന്നു മര്‍ദനം.