തിരുവനന്തപുരം: വള്ളത്തിൽ സപോകുന്നതിനിടെ ഒഴുക്കിൽപ്പെട്ട് തടയണയിലേക്കു വീണ മൂന്നു പേരെ തിരുവനന്തപുരം ഫയർസ്റ്റേഷനിലെ സ്‌കൂബ ടീം സാഹസികമായി രക്ഷപ്പെടുത്തി. നരുവാമൂട് സ്വദേശി ശിവകുമാർ (33), പേയാട് സ്വദേശികളായ അരുൺ (34), മണി (43) എന്നിവരാണ് തടയണയിൽ അകപ്പെട്ടത്. മീൻ പിടിക്കുന്നതിനായി ആറ്റിലൂടെ വള്ളത്തിൽ തുഴഞ്ഞു വരുന്നതിനിടെ ഒഴുക്കിൽ പെട്ട് നിയന്ത്രണം നഷ്ടമായി തടയണയിലേക്കു വീഴുകയായിരുന്നു.

മൂന്നു പേരിൽ ഒരാൾ നീന്തി ചുഴിയെ മറികടന്നു. മറ്റുള്ളവർ വള്ളത്തിനൊപ്പം ചുഴിയിൽ അകപ്പെടുകയായിരുന്നു. കാവടിക്കടവിൽ ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം നടന്നത്. ഇവിടെ കുളിക്കാനിറങ്ങിയ സുനിൽ എന്ന യുവാവിനെ കാണാതായതോടെ സ്‌കൂബ ടീം തെരച്ചിലിനെത്തിയിരുന്നു. പ്രദേശത്ത് തിരച്ചിൽ നടത്തുന്ന സമയത്താണ് തടയണയിൽ വീണ് മൂന്നംഗ സംഘത്തിന് അപകടം ഉണ്ടായത്.

ടീം അംഗങ്ങൾ ഉടനെ ഡിങ്കി ബോട്ടുമായെത്തി സാഹസികമായി ഇവരെ രക്ഷപെടുത്തി. രക്ഷാപ്രവർത്തനത്തിനിടെ ഡിങ്കിയിൽ വെള്ളം കയറി രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികളും നഷ്ടപ്പെട്ടു. സ്കൂബാ ടീം ഉണ്ടായതിനാൽ മാത്രമാണ് പെട്ടന്ന് തന്നെ രക്ഷാപ്രവർത്തനം സാധ്യമായതെന്ന് നാട്ടുകാർ വ്യക്തമാക്കി.