- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചു; കുറ്റിപ്പുറത്ത് ഏഴുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു; ഗർഭിണിയായ അമ്മയും സഹോദരിയും ഉൾപ്പെടെ 5 പേർ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

കുറ്റിപ്പുറം: വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുമായി ആശുപത്രിയിലെത്തിയ ഏഴുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്‌നയാണ് മരിച്ചത്. കുട്ടിയുടെ മാതാവും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ അഞ്ചുപേർ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് ആരോഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്.
ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ലസ്‌നയുടെ അന്ത്യം. വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് ലസ്‌നയ്‌ക്കൊപ്പം മാതാവ് ഷഹല, സഹോദരി മിൻസ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരും ഇതേ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഗർഭിണിയായ ഷഹലയ്ക്കും മകൾ മിൻസയ്ക്കും കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർക്ക് ഡ്രിപ്പ് നൽകി ചികിത്സ തുടരുന്നതിനിടയിലാണ് ലസ്‌ന പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിന്നാലെ മറ്റുള്ളവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ തയ്യാറാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണമാണ് കുടുംബം കഴിച്ചതെന്നാണ് പ്രാഥമിക വിവരം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹക്കീമിന്റെ വീട്ടിലെത്തി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്കായി അയച്ചു. കുട്ടിയുടെ മരണകാരണം സംബന്ധിച്ച് വ്യക്തത വരാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആരോഗ്യവകുപ്പും പോലീസും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


