ആലപ്പുഴ: മാന്നാറിൽ പമ്പാ നദിക്കരയിൽ അലക്കിക്കൊണ്ടിരുന്ന വീട്ടമ്മയ്ക്ക് നേരെ അതിക്രൂരമായ ലൈംഗികാതിക്രമവും വധശ്രമവും. പരുമല സ്വദേശിയായ സബീർ (44) എന്നയാളാണ് 56 വയസ്സുള്ള വീട്ടമ്മയെ ആക്രമിച്ചത്. കൊലക്കേസ് ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ ദിവസം ജയിലിൽ നിന്നിറങ്ങിയ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് പ്രതി.

മാന്നാർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുളിക്കടവിൽ ഇന്നലെയാണ് നടുക്കുന്ന സംഭവം നടന്നത്. വീട്ടമ്മ ഒറ്റയ്ക്ക് തുണി അലക്കിക്കൊണ്ടിരുന്ന സമയം നോക്കി പിന്നിലൂടെ എത്തിയ പ്രതി, തോർത്ത് ഉപയോഗിച്ച് ഇവരുടെ മുഖം മൂടുകയും ആറ്റിലേക്ക് തള്ളിയിടുകയുമായിരുന്നു. വെള്ളത്തിൽ വീണ വീട്ടമ്മയെ പ്രതി ക്രൂരമായി മർദ്ദിക്കുകയും നെഞ്ചത്തും വയറ്റിലും ചവിട്ടി വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ലൈംഗികാതിക്രമം തടയാൻ ശ്രമിച്ചപ്പോഴാണ് വധശ്രമമുണ്ടായതെന്ന് കരുതുന്നു.

ഈ സമയത്ത് മറ്റൊരു സ്ത്രീ കടവിലേക്ക് വരുന്നത് കണ്ട പ്രതി ആറ്റിലൂടെ നീന്തി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ഇപ്പോൾ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.