തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്ത് സന്നിധാനത്ത് ദർശനം നടത്തിയത് 36,33,191 തീർത്ഥാടകരെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3,83,435 പേരുടെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഡിസംബർ 30-ന് ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവത്തിനായി ആരോഗ്യവകുപ്പ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മണ്ഡലകാല പൂജകൾക്കായി ക്ഷേത്രം തുറന്നതുമുതൽ ഡിസംബർ 27-ന് നടയടച്ചത് വരെയുള്ള കണക്കാണിത്. ഓൺലൈൻ ബുക്കിങ്ങിലൂടെ 30,91,183 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ 4,12,075 പേരും പുൽമേട് വഴി 1,29,933 പേരുമാണ് ഇക്കുറി ശബരിമലയിലെത്തിയത്. കഴിഞ്ഞ മണ്ഡലകാലത്ത് 32,49,756 പേരാണ് സന്നിധാനത്ത് ദർശനം നടത്തിയത്.

അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ഡോക്ടർമാരുടെ ഒരു റിസർവ് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ശബരിമലയിലെ എല്ലാ ആശുപത്രികളിലും ചികിത്സാ കേന്ദ്രങ്ങളിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മകരവിളക്ക് ദർശന സ്ഥലങ്ങളായ പമ്പ ഹിൽടോപ്പ്, ത്രിവേണി പാലം, പമ്പ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്, യു-ടേൺ, ചാലക്കയം, ഇളവുംകാൽ, നെല്ലിമല, പഞ്ഞിപ്പാറ, ആങ്ങമുഴി, വലിയനാവട്ടം എന്നിവിടങ്ങളിൽ ആംബുലൻസും മെഡിക്കൽ സംഘവും ഉണ്ടാകുമെന്ന് ശബരിമല ഹെൽത്ത് നോഡൽ ഓഫീസർ ശ്യാം വ്യക്തമാക്കി. തിരുവാഭരണ ഘോഷയാത്രയ്ക്ക് പന്തളം മുതൽ പമ്പവരെയും തിരിച്ചുള്ള യാത്രയ്ക്കും മൊബൈൽ മെഡിക്കൽ സംഘവും ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്.

കുളനട, ചെറുകോൽ, കഞ്ഞേറ്റുകര, വടശ്ശേരിക്കര എന്നിവിടങ്ങളിലും റാന്നി-പെരുനാട് ആശുപത്രികളിലും അടിയന്തിര വൈദ്യസഹായം ലഭ്യമാക്കും. സന്നിധാനത്തെ ഹെൽത്ത് ഇൻസ്പെക്ടർ ക്വാർട്ടേഴ്സിലും ബെയ്ലി പാലത്തിന്റെ പരിസരത്തും ഡോക്ടർമാരടങ്ങുന്ന പ്രത്യേക മെഡിക്കൽ സംഘങ്ങളെ നിയോഗിക്കും. പാണ്ടിത്താവളം അടിയന്തിര ചികിത്സാ കേന്ദ്രത്തിൽ ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. നിലവിൽ ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ 12 ആംബുലൻസുകൾക്ക് പുറമെ, 27 ആംബുലൻസുകൾ കൂടി മകരവിളക്കിനായി സജ്ജമാക്കും. ഇതോടെ ആംബുലൻസുകളുടെ എണ്ണം 39 ആയി ഉയരും.