കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരെ എഴുത്തുകാരിയും പ്രസാധകയുമായ ഷഹനാസ്. താന്‍ പരാതി ഉന്നയിച്ച സാഹിത്യകാരന്‍ വി ആര്‍ സുധീഷിനെ രഞ്ജിത്ത് പിന്തുണച്ചിരുന്നുവെന്ന് ഷഹനാസ് പറഞ്ഞു. അന്ന് താന്‍ വിചാരിച്ചത് രഞ്ജിത്ത് വേട്ടക്കാര്‍ക്കൊപ്പമാണല്ലോ എന്നാണ്. ഇന്നലെ സ്ത്രീയുടെ വെളിപ്പെടുത്തല്‍ കേട്ടതോടെ രഞ്ജിത്ത് വേട്ടക്കാര്‍ക്കൊപ്പം മാത്രമല്ല ഒരു വേട്ടക്കാരന്‍ കൂടിയാണെന്ന് മനസ്സിലായെന്നും ഷഹനാസ് പ്രതികരിച്ചു.

താന്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് മദ്യപിച്ച് ലക്കുകെട്ട് വന്നിരുന്നതിനെ കുറിച്ച് നേരത്തെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറഞ്ഞിരുന്നുവെന്ന് ഷഹനാസ് വിശദീകരിച്ചു. വെറുമൊരു സംവിധായകനെ കുറിച്ചല്ല, സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെയാണ് മുഖം മറയ്ക്കാതെ വന്ന് സ്ത്രീ വെളിപ്പെടുത്തല്‍ നടത്തിയത്. മുഴുവന്‍ മലയാളികള്‍ക്കും അപമാനകരമായ സംഭവമാണ് ഉണ്ടായത്. എന്നിട്ട് കേരളത്തിന്റെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറയുന്നത് രഞ്ജിത്ത് പ്രഗത്ഭനാണെന്നാണ്. പിന്നെ കേരളത്തിലെ സ്ത്രീകള്‍ക്ക് എങ്ങനെ നീതി ലഭിക്കുമെന്ന് ഷെഹനാസ് ചോദിക്കുന്നു.

സിനിമാ മേഖലയിലെ അതിജീവിതയെ ചലച്ചിത്ര മേളയുടെ വേദിയില്‍ കൊണ്ടുവന്നപ്പോള്‍ രഞ്ജിത്തിനെ താനടക്കമുള്ള സ്ത്രീകള്‍ ബഹുമാനിച്ചിരുന്നുവെന്ന് ഷഹനാസ് പറഞ്ഞു. വി ആര്‍ സുധീഷ് എന്ന എഴുത്തുകാരനെതിരെ താന്‍ പരാതിപ്പെട്ടപ്പോള്‍ സുധീഷിനെ സംരക്ഷിച്ച വ്യക്തിയാണ് രഞ്ജിത്തെന്ന് ഷഹനാസ് പറയുന്നു. പല വേദികളില്‍ നിന്നും വി ആര്‍ സുധീഷിനെ മാറ്റിനിര്‍ത്തിയപ്പോള്‍ ചലച്ചിത്ര അക്കാദമി നടത്തിയ ചടങ്ങില്‍ സുധീഷിനെ ചേര്‍ത്തുപിടിച്ചയാളാണ് രഞ്ജിത്ത്. അന്ന് താന്‍ വിചാരിച്ചത് ഇയാള്‍ വേട്ടക്കാര്‍ക്കൊപ്പമാണല്ലോ എന്നാണ്. എന്നാല്‍ നടിയുടെ വെളിപ്പെടുത്തലോടെ മനസ്സിലായത് രഞ്ജിത്ത് വേട്ടക്കാര്‍ക്കൊപ്പം മാത്രമല്ല ഒരു വേട്ടക്കാരന്‍ കൂടിയാണ് എന്നാണെന്ന് ഷഹനാസ് പറഞ്ഞു.

തുറന്നുപറഞ്ഞ് നിയമപരമായി മുന്നോട്ടുപോയിട്ടുള്ള ഏത് സ്ത്രീക്കാണ് നീതി കിട്ടിയിട്ടുള്ളതെന്ന് ഷഹനാസ് ചോദിക്കുന്നു. ഇന്ത്യയില്‍ ഒരു സ്ത്രീക്കുണ്ടായ മോശം അനുഭവം പറഞ്ഞാല്‍ സ്വമേധയാ കേസെടുക്കാം. ഇന്നലെ ആ സ്ത്രീ വന്ന് മുഖം കാണിച്ച് പേര് പറഞ്ഞ് വെളിപ്പെടുത്തല്‍ നടത്തി. എന്നിട്ടും ആ സ്ത്രീ കേസ് കൊടുക്കട്ടെ എന്ന് പറയുന്ന മന്ത്രിയുള്ള കേരളത്തില്‍ എങ്ങനെയാണ് സ്ത്രീകള്‍ക്ക് നീതി കിട്ടുകയെന്നാണ് ഷഹനാസിന്റെ ചോദ്യം.

'രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്താക്കണം, പരാതി നല്‍കട്ടെ എന്നാണ് മന്ത്രി പറയുന്നത്, സ്വമേധയാ കേസ് എടുക്കാന്‍ വകുപ്പ് ഉള്ള നാടാണിത്, രഞ്ജിത്തിന്റെ പ്രാഗല്‍ഭ്യം ഇവിടെയുള്ള സ്ത്രീകളുടെ നെഞ്ചത്ത് കയറാനുള്ള അനുമതിയല്ല, എന്തെങ്കിലും നാണം അവശേഷിക്കുന്നുവെങ്കില്‍ രഞ്ജിത്ത് സ്ഥാനം രാജിവെക്കണം' , ഷഹനാസ് പറഞ്ഞു. രഞ്ജിത്തിനെ പിന്തുണക്കുന്ന സാംസ്‌കാരിക മന്ത്രിക്ക് സ്ത്രീകളോട് എങ്ങനെയാണ് നീതി പുലര്‍ത്താന്‍ കഴിയുകയെന്നും ഷഹനാസ് ചോദിച്ചു

സിനിമാ മേഖലയിലെന്ന പോലെ സാഹിത്യ മേഖലയിലും ഒരു കമ്മീഷന്‍ വരണം, ഭൂകമ്പം ഉണ്ടാക്കുന്ന വിവരങ്ങള്‍ ഈ മേഖലയില്‍ നിന്നും പുറത്ത് വരും, ഞാന്‍ പ്രതികരിച്ചപ്പോള്‍ മോശാനുഭവം പങ്കുവെച്ച നിരവധി പേരുണ്ട്, സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ഒരു മനോബലവും നല്‍കുന്നില്ല എന്ന് ഇന്ന് ബോധ്യമായി', ഷഹനാസിന്റെ പ്രതികരണം ഇങ്ങനെ നീണ്ടുപോകുന്നു.