പത്തനംതിട്ട: മലയാളികള്‍ക്ക് ഗൃഹാതുരത്വം നല്‍കുന്ന ഭക്ഷണ സാധനങ്ങള്‍ കടല്‍ കടത്തി പ്രവാസി മലയാളികളിലേക്ക് എത്തിച്ച ഷാജി പുളിമൂട്ടില്‍ എന്ന കോഴഞ്ചേരിക്കാരന് സംസ്ഥാന കൃഷിവകുപ്പിന്റെ അവാര്‍ഡ്.പ്രവാസി മലയാളികള്‍ക്കായി പ്രഭാത ഭക്ഷണം മുതല്‍ ഭക്ഷ്യസാധനങ്ങള്‍ വരെ ഷാജി പുളിമൂട്ടിലും ഭാര്യ സൂസനും തങ്ങളുടെ വയനാട് എക്സ്പോര്‍ട്ടേഴ്സ് വഴി കടലിനക്കരെ എത്തിക്കുന്നു.

കാര്‍ഷിക മേഖലയില്‍ കയറ്റുമതിക്കുള്ള സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ അവാര്‍ഡാണ് ഇവരുടെ ഉടമസ്ഥതയില്‍ ഉള്ള കോഴഞ്ചേരി വയനാട് എക്സ്പോര്‍ട്ടേഴ്സിന് ലഭിക്കുന്നത്. ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിലൂടെ വിദേശ മലയാളികളുടെ ഭക്ഷണ ഗൃഹാതുരത്വം നേരിട്ടനുഭവിച്ച ഇവര്‍ നാട്ടിലെത്തി ആരംഭിച്ച സംരംഭത്തിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

ജീവിതത്തില്‍ ഏകദേശം പത്ത് വര്‍ഷം കുടുംബത്തില്‍ നിന്നും അകന്ന് അമേരിക്കയിലും മറ്റുമായി ചിലവഴിച്ചപ്പോഴാണ് വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി ഓര്‍ത്തെടുത്തത്. സൂസന്റെ ചെറിയ നുറുങ്ങുകളും പൊടിക്കൈകളും അമ്മയില്‍ നിന്ന് കൈമാറിവന്ന പരമ്പരാഗത പാചകക്കുറിപ്പുകളും ഉപയോഗിച്ച് അവിടെ പ്രിയപ്പെട്ട ഭക്ഷണം പാകം ചെയ്യാന്‍ തുടങ്ങി. അക്കാലത്താണ് ഭക്ഷണത്തിന്റെ വ്യത്യസ്തമായ രുചി
മനസിലാക്കിയതെന്ന് ഷാജി പറയുന്നു.

തന്റെ സഹകുടിയേറ്റക്കാര്‍ക്ക് വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണം നല്‍കാനുള്ള തീവ്രമായ ആഗ്രഹത്തോടെ ഷാജിയും ഭാര്യയും കേരളത്തില്‍ നിന്ന് വിദേശത്തെ അഞ്ചിലധികം രാജ്യങ്ങളിലേക്ക് മികച്ച രുചികളും സുഗന്ധ വ്യഞ്ജനങ്ങളും എത്തിച്ചു.പരിപ്പുവട, പയര്‍ വറുത്തത്, കേരള ബനാന ഫ്രൈ, എരിവുള്ള കേരള മിശ്രിതങ്ങള്‍, മരച്ചീനി ചിപ്സ്, ചക്ക ചിപ്സ് എന്നിങ്ങനെയുള്ള നമ്മുടെ പ്രിയപ്പെട്ട നാലു മണി സ്നാക്ക്സ് ആരോഗ്യകരമായ ചേരുവകളുടെ നന്മയില്‍ ഇപ്പോള്‍ വയനാട് എക്സ്പോര്‍ട്ട്സില്‍ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ നാടന്‍ പ്രഭാത ഭക്ഷണവും പ്രവാസികള്‍ക്കായി എത്തിക്കുന്നു. പുരസ്‌കാരം ലഭിച്ചതോടെ ഇനി കൂടുതല്‍ ഉത്തരവാദിത്വമാണ് ഉണ്ടാകുന്നതെന്ന് ഷാജി പുളിമൂട്ടില്‍ പറഞ്ഞു.