കൊച്ചി: സോഷ്യല്‍ മീഡിയില്‍ തന്നെ മോശക്കാരിയായി ചിത്രീകരിക്കുന്നുവെന്ന് നടി ശാലിന്‍ സോയ. നടന്‍ ഇടവേള ബാബുവിനൊപ്പമുള്ള പഴയ ടിക് ടോക് വിഡിയോയാണ് ട്രോളാക്കി പ്രചരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമ ചിത്രീകരണത്തിനിടെ ചെയ്ത ടിക് ടോക് വിഡിയോയാണെന്നും കുറെ കാലത്തിന് ശേഷം ഇതുകുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുകയാണെന്നും ശാലിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതു സൈബര്‍ ബുള്ളിങ്ങിന്റെ മറ്റൊരു തലമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ എന്താണ് പറയേണ്ടത് ? വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ചെയ്ത ടിക് ടോക് വിഡിയോ ആയിരുന്നു അത്. അന്ന് ഈ പാട്ട് വൈറല്‍ ആയിരുന്നു. ആ പാട്ടില്‍ പേരുള്ള ഇടവേള ബാബുവിന്റെ കൂടെ വിഡിയോ ചെയ്താല്‍ നന്നായിരിക്കും എന്ന് കരുതിയാണ് ഇതുചെയ്തത്.

ഇത്രയും കാലത്തിനുശേഷം ആ പഴയ വിഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുന്നത് സൈബര്‍ ബുള്ളിയിങ്ങിന്റെ മറ്റൊരു തലമാണ്. നിങ്ങള്‍ പറയു, ഞാന്‍ എന്താണ് ചെയ്യേണ്ടത്? ഞാന്‍ അതിനൊരു വിശദീകരണം തന്നാല്‍ പിന്നെയും ട്രോളുകള്‍ ഉണ്ടാകില്ലേ. സൈബര്‍ ലോകം ക്രൂരമാണെന്ന് എനിക്കറിയാം. പേരില്ലാത്ത ഈ സൈബര്‍ ഭീഷണിക്കാരാണ് പ്രതിസ്ഥാനത്ത്. ഞാന്‍ അവരെ വെറുക്കുന്നു.' ശാലിന്‍ പറഞ്ഞു.

ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ളതാണ് ഈ വിഡിയോ.