കൊല്ലം: സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് തിലകന്റെ മകനും നടനുമായ ഷമ്മി തിലകന്‍. അവര്‍ ആരൊക്കെയാണെന്നത് റിപ്പോര്‍ട്ടിലുള്ള രഹസ്യമാണ്. പവര്‍ ഗ്രൂപ്പിനെ കുറിച്ച് കമ്മിറ്റി ഹേമ കമ്മിറ്റി അല്ല ആദ്യം പുറത്തു പറയുന്നതെന്നും ഷമ്മി തിലകന്‍ പറഞ്ഞു. 2015ല്‍ സംവിധായകന്‍ വിനയന്റെ ജഡ്ജ്‌മെന്റില്‍ പിഴ ശിക്ഷ ഈടാക്കിയിട്ടുണ്ട്. കുറ്റവാളിയെന്ന് തെളിഞ്ഞ ആളുകളുടേതാണ് എന്നും ഷമ്മി തിലകന്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരങ്ങളുടെ മൗനം കുറ്റബോധം കൊണ്ടോ അസുഖം കൊണ്ടോ ആവാമെന്നും ഷമ്മി തിലകന്‍ പരിഹസിച്ചു.

അച്ഛന്‍ റിപ്പോര്‍ട്ടിന് എത്രയോ മുമ്പ് തന്നെ മരിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ ഹൈലൈറ്റ് അച്ഛന്‍ തന്നെയാണ്. വിനയന്റെ വിഷയത്തില്‍ താന്‍ മൊഴി കൊടുത്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തന്റെ മൊഴിയെടുത്തില്ലെന്നും ഷമ്മി തിലകന്‍ പറഞ്ഞു. പണ്ടൊന്നും കാരവാനില്ലായിരുന്നു. ഇന്ന് ഇത്തരം വിഷയങ്ങളെ കുറിച്ച് ധാരണയില്ല. സ്ത്രീകള്‍ക്ക് വസ്ത്രം മാറാനുള്ള സൗകര്യങ്ങളില്ല. ഭാരത നിയമ സംഹിത പ്രകാരം കുറ്റകൃത്യം എവിടെയെങ്കിലും നടന്നെന്ന് അറിഞ്ഞാല്‍, പോക്‌സോ ഉള്‍പ്പെടെ ഉണ്ടെന്ന് പറയുന്നു-അങ്ങനെയെങ്കില്‍ ഗുരുതരമായ തെറ്റാണ്. എന്തുകൊണ്ടാണ് പൊലീസില്‍ അറിയിക്കാത്തതെന്ന് ചോദ്യമുയരും. ഹേമ കമ്മിറ്റി ഉള്‍പ്പെടെ കുറ്റക്കാരാവും. താരങ്ങള്‍ പ്രതികരിക്കാതിരുന്നതിന് പിന്നില്‍ മൗനം വിദ്വാന് ഭൂഷണം എന്ന നിലപാടായിരിക്കാമെന്നും ഷമ്മി തിലകന്‍ പറഞ്ഞു