തിരുനാവായ: ഭാരതപ്പുഴയുടെ തീരത്ത് നടക്കുന്ന മഹാമാഘ മഹോത്സവം കേരളീയ സാംസ്കാരിക നവോത്ഥാനത്തെ പ്രതിനിധീകരിക്കുന്നുവെന്ന് കോൺഗ്രസ് എംപി ശശി തരൂർ. നിളാ തീരത്തെ കുംഭമേളയ്ക്ക് തുല്യമായ ഈ മഹോത്സവം ഐതിഹാസികമായ ഭൂതകാലത്തെയും സൗഹാർദ്ദപരമായ ഭാവിയെയും ബന്ധിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാമാഘ മഹോത്സവത്തിന്റെ സംഘാടകർക്കും ഭക്തജനങ്ങൾക്കും ശശി തരൂർ ആശംസകൾ അറിയിച്ചു. മാമാങ്കം ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ കൂട്ടായ്മ, കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് ഊന്നൽ നൽകുന്ന ഒരു പ്രധാന പരിപാടിയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. തവനൂർ-തിരുനാവായ മാഹാമാഘ മഹോത്സവത്തിന്റെ (മാമാങ്കം) പുനരുജ്ജീവന ആഘോഷങ്ങളിൽ ആത്മീയമായി പങ്കുചേരാൻ സാധിക്കുന്നത് ഒരു വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.

സാമൂതിരിമാരുടെ യുദ്ധവീര്യത്തിന്റെ ചരിത്രം മുതൽ 'കേരളത്തിന്റെ കുംഭമേള' എന്നറിയപ്പെടുന്ന ഇന്നത്തെ ആത്മീയ ചൈതന്യം വരെ, ഈ ഉത്സവം മനോഹരമായ ഒരു സാംസ്കാരിക നവോത്ഥാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഭാരതപ്പുഴയുടെ തീരത്ത് ഒത്തുചേരുന്ന സംഘാടകർക്കും ഭക്തജനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഈ ഉത്സവം നമ്മുടെ ഐതിഹാസികമായ ഭൂതകാലത്തെയും സൗഹാർദ്ദപരമായ ഭാവികാലത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമായി മാറട്ടെയെന്നും തരൂർ പറഞ്ഞു.

അതേസമയം, ഫെബ്രുവരി മൂന്നിന് വിശേഷാൽ പൂജകളോടെയും അമൃതസ്‌നാനത്തോടെയും മഹോത്സവം പരിസമാപിക്കും. ആയിരക്കണക്കിന് ഭക്തരാണ് അവസാന ദിവസങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ തിരുനാവായയിലേക്ക് ഒഴുകിയെത്തുന്നത്. കെ.എസ്.ആർ.ടി.സി.യുടെ ബസ് സർവീസുകൾക്ക് വലിയ വിജയമാണ് ഇതുവരെ ഉത്സവവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ളത്.

സമാപന ദിവസമായ ഫെബ്രുവരി മൂന്നിന് രാവിലെ നടക്കുന്ന യോഗീശ്വരപൂജ (പരശുരാമപൂജ) ആണ് പ്രധാന ചടങ്ങ്. പൂജകൾക്കുശേഷം സന്ന്യാസിമാരുടെയും ഭക്തരുടെയും നേതൃത്വത്തിൽ അമൃതസ്‌നാനം നടക്കും. തുടർന്ന് സന്ന്യാസിമാർക്ക് ഭക്ഷണവും വസ്ത്രവും ദക്ഷിണയും സമർപ്പിക്കുന്ന 'ഭണ്ഡാര' ചടങ്ങ് അരങ്ങേറും. എല്ലാവർക്കും അന്നപ്രസാദവും ഉണ്ടാകും. വൈകീട്ട് നടക്കുന്ന നിളാ ആരതിയോടെ ഇത്തവണത്തെ മഹാമാഘ മഹോത്സവത്തിന് തിരശ്ശീല വീഴും.