- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കേരളമൈറ്റ്' എന്നത് ഒരു സൂക്ഷ്മജീവിയെപ്പോലെ, 'കേരളമീയൻ' എന്നായാലോ ഒരു അപൂർവ്വ ധാതുവിനെപ്പോലെയും; സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള ബിൽ പാസായതിന് പിന്നാലെ ചോദ്യവുമായി ശശി തരൂർ

ഡൽഹി: കേരള സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെ, ഈ നീക്കത്തെ പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. പേരുമാറ്റം ഇംഗ്ലീഷ് ഭാഷയിൽ മലയാളികളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദങ്ങളിൽ എന്ത് മാറ്റം വരുത്തുമെന്നാണ് തരൂർ പ്രധാനമായും ഉന്നയിച്ച ചോദ്യം. ഇതൊരു തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കമാണെന്നും പുതിയ പേരിനായി മുഖ്യമന്ത്രിക്ക് ഒരു മത്സരം നടത്താമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകുമ്പോൾ നിവാസികളെ 'കേരളമൈറ്റ്' എന്നാണോ വിളിക്കേണ്ടതെന്നും, അങ്ങനെയെങ്കിൽ അത് ഒരു സൂക്ഷ്മജീവിയെപ്പോലെ തോന്നിപ്പിക്കുമെന്നും തരൂർ പരിഹസിച്ചു. 'കേരളമീയൻ' എന്ന് വിളിച്ചാൽ അതൊരു അപൂർവ്വ ധാതുവിനെപ്പോലെ തോന്നുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലരും കേരളത്തിന്റെ പേര് തെറ്റായി 'Karela' (കാരല) എന്ന് ഉച്ചരിക്കാറുണ്ടെന്നും, അത് കയ്പ്പേറിയ അനുഭവമാണെന്നും ഒരു കമന്റിന് മറുപടിയായി തരൂർ പറഞ്ഞു. ആദ്യം സ്പെല്ലിംഗ് ശരിയാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കുറിപ്പിന്റെ പൂർണ രൂപം:
എല്ലാം നല്ലതുതന്നെ, സംശയമില്ല! പക്ഷേ ഇംഗ്ലീഷ് സംസാരിക്കുന്നവർക്കായി ഒരു ചെറിയ ഭാഷാപരമായ ചോദ്യം: പുതിയ 'കേരളത്തിലെ' നിവാസികളെ വിളിക്കാൻ ഉപയോഗിച്ചിരുന്ന “Keralite”, “Keralan” എന്നീ പദങ്ങൾക്ക് ഇനി എന്ത് സംഭവിക്കും? “Keralamite” എന്ന് കേട്ടാൽ ഒരു സൂക്ഷ്മജീവിയെപ്പോലെയുണ്ട്, “Keralamian” എന്നത് കണ്ടാൽ ഏതെങ്കിലും അപൂർവ്വ ധാതുവാണെന്നേ തോന്നൂ...! ഈ തിരഞ്ഞെടുപ്പ് ആവേശത്തിന്റെ ഫലമായി ഉരുത്തിരിയുന്ന പുതിയ പദങ്ങൾ കണ്ടെത്താനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു മത്സരം തന്നെ നടത്തേണ്ടി വന്നേക്കാം...!"
പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവാ തീർത്ഥിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കേരളത്തിന്റെ പേര് മാറ്റാനുള്ള ശുപാർശയ്ക്ക് അംഗീകാരം ലഭിച്ചത്. ഈ ബില്ല് ആദ്യം കേരള നിയമസഭയുടെ അംഗീകാരത്തിനായി അയക്കുകയും, അതിനുശേഷം പാർലമെന്റിൽ അവതരിപ്പിച്ച് നിയമമാക്കുകയും ചെയ്യുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
അതേസമയം, ഇംഗ്ലീഷിൽ 'Kerala' എന്നും ഹിന്ദിയിൽ 'കേരൾ' എന്നും ഉപയോഗിക്കുന്നത് ഒഴിവാക്കി ഔദ്യോഗികമായി 'കേരളം' എന്ന പേര് സ്വീകരിക്കണമെന്നായിരുന്നു നിയമസഭയുടെ ആവശ്യം. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ഈ വിഷയത്തിൽ അടുത്തിടെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
ഭരണഘടന ഭേദഗതി ബിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് സാധ്യത. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിൽ അവതരിപ്പിക്കുമെന്നാണ് സൂചന. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം, ബിൽ രാഷ്ട്രപതി കേരള നിയമസഭയുടെ അഭിപ്രായത്തിനായി അയക്കും. നിയമസഭയുടെ പ്രതികരണം ലഭിച്ച ശേഷം മാത്രമേ പാർലമെന്റ് ബിൽ പരിഗണിക്കൂ. 2011-ൽ 'ഒറീസ'യുടെ പേര് 'ഒഡീഷ' എന്നാക്കി മാറ്റിയതിന് സമാനമായ ഭരണഘടനാ നടപടിയാണിത്.


