കൊച്ചി: കൊച്ചി പുറംകടലിൽ മത്സ്യബന്ധനം നടത്തിയിരുന്ന 'പ്രത്യാശ' എന്ന മത്സ്യബന്ധന ബോട്ടിൽ എം.എസ്.സി. ചരക്ക് കപ്പലിടിച്ച് വൻ നാശനഷ്ടം. വ്യാഴാഴ്ച വൈകുന്നേരം 5.30 ഓടെ ഫോർട്ട് കൊച്ചിയിൽ നിന്ന് ഏകദേശം 53 നോർത്ത് അകലെയാണ് സംഭവം നടന്നത്. അപകടത്തിൽ ബോട്ടിലെ 40 തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

സംഭവത്തിൽ ബോട്ടും മത്സ്യബന്ധന വലകളും ഉൾപ്പെടെ ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബോട്ട് തൊഴിലാളികൾ അറിയിച്ചു. സമീപത്തുണ്ടായിരുന്ന 'നന്മ' എന്ന മറ്റൊരു ബോട്ടിലെ തൊഴിലാളികൾ കയർ ഉപയോഗിച്ച് 'പ്രത്യാശ'യെ വലിച്ച് കപ്പലിൽ നിന്ന് മാറ്റിയതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് തൊഴിലാളികൾ പറഞ്ഞു.

"തെക്ക് മാറി 53 നോർത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ചരക്ക് കപ്പൽ ഇടിച്ച് കയറിയത്. കപ്പൽ വരുന്നത് കണ്ട് ഞങ്ങൾ ബഹളം വെച്ചെങ്കിലും നിർത്താതെ വരികയായിരുന്നു. കടലിലെ ഒഴുക്കിനനുസരിച്ച് ഞങ്ങളുടെ ബോട്ട് നീങ്ങി കപ്പലിൽ ഇടിക്കുകയായിരുന്നു," 'പ്രത്യാശ'യിലെ തൊഴിലാളിയായ ജോസഫ് പറഞ്ഞു.