- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ന്നാ താൻ കേസ് കൊടുക്കെന്ന് പറഞ്ഞപ്പോൾ സിനിമയിലെ പോലെയാകുമെന്ന് കരുതിയോ; കേസ് വിജയിപ്പിച്ച് ഷുക്കൂർ വക്കീൽ; തെരുവ്‌നായ്ക്കളെ പ്രതിരോധിക്കാനായി തോക്കെടുത്ത ടൈഗർ സമീറിന് തോക്ക് തിരികെകിട്ടി
കാസർകോട്:ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ ഷുക്കൂർ വക്കീലിനെ അത്ര പെട്ടന്നൊന്നും സിനമാസ്വാദകർ മറക്കില്ല.പക്ഷേ സിനിമയിലെ ഷുക്കൂർ വക്കീലിന് കേസിൽ തോൽക്കാനായിരുന്നു വിധിയെങ്കിൽ ജീവിതത്തിൽ അങ്ങനെയല്ല.തന്റെ അഭിഭാഷക പാടവത്തിലൂടെ യഥാർഥ കോടതിയിൽ കേസ് വിജയിപ്പിച്ചിരിക്കുകയാണ് സിനിമയിലെ ഷുക്കൂർ വക്കീൽ.ഷുക്കൂർ വക്കീലിന്റെ ഇടപെടലിൽ, പൊലീസ് കസ്റ്റഡിയിൽ ആയിരുന്ന എയർ ഗൺ ബേക്കൽ ഹദാദ് നഗറിലെ ടൈഗർ സമീറിനു തിരികെ ലഭച്ചിരിക്കുകയാണ്.
ഏതാനും മാസങ്ങൾക്ക് മുമ്പ് തെരുവുനായ ശല്യം കാരണം കുട്ടികളെ മദ്രസയിൽ വിടാനായി തോക്കുമായി മുന്നിൽ പോകുന്ന സമീറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന പേരിൽ കേസെടുത്ത പൊലീസ് സമീറിന്റെ എയർ ഗണ്ണും ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈലും കസ്റ്റഡിയിൽ എടുത്തിരുന്നു.എന്നാൽ ലൈസൻസ് ആവശ്യമില്ലാത്ത എയർ ഗൺ പൊലീസ് അന്യായമായി പിടിച്ചുവച്ചിരിക്കുകയാണ് എന്നു കാണിച്ച് ഷുക്കൂർ വക്കീൽ മുഖേന സമീർ കോടതിയെ സമീപിക്കുകയായിരുന്നു.
സമീറിന്റെ പരാതിയിൽ കേസ് പരിഗണിച്ച കോടതി,മൊബൈൽ ഫോണും എയർ ഗണ്ണും തിരിച്ചുകൊടുക്കാൻ ഉത്തരവിടുകയായിരുന്നു. തെരുവുനായ ശല്യം കാരണം നിരത്തിലിറങ്ങാൻ പേടിക്കുന്ന സ്വന്തം കുട്ടികളെയും അടുത്ത വീട്ടിലെ കുട്ടികളെയും മദ്രസയിൽ എത്തിക്കുക എന്ന ലക്ഷ്യം മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ എന്ന് സമീർ പറയുന്നു.തോക്കും ഫോണും തിരികെ ലഭിച്ചെങ്കിലും നായശല്യത്തിനു പരിഹാരമാകാത്തതിലെ വിഷമം ഇപ്പോഴും ബാക്കിയാവുകയാണെന്ന് സമീർ പറഞ്ഞു.
കാസർകോട് സ്വദേശിയായ സി. ഷുക്കൂറിന്റെ ആദ്യ സിനിമയായിരുന്നു 'ന്നാ താൻ കേസ് കൊട്'. കണ്ണൂർ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ലോ വിഭാഗം മേധാവിയും കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ മഞ്ചേശ്വരം ക്യാപംസ് ഡയറക്ടറുമായ അഡ്വ. ഷീനാ ഷുക്കൂർ ഭാര്യയാണ്.
മറുനാടന്‍ മലയാളി ബ്യൂറോ