തിരുവനന്തപുരം: വിജയകരമായ സിനിമകള്‍ക്ക് ശേഷവും മലയാള സിനിമയില്‍ തനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്ന് നടി പാര്‍വതി ആരോപിച്ചു. അതിനും അമ്മ ജനറല്‍ സെക്രട്ടറി സിദ്ധിഖിന്റെ മറുപടി സിനിമയില്‍ ആര്‍ക്കും അങ്ങനെ അവസരങ്ങള്‍ നിഷേധിക്കാന്‍ സാധിക്കില്ല എന്നാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിക്കുകയായിരുന്നു സിദ്ധിഖ്.

ആര്‍ക്കും ആരുടെയും അവസരങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും സക്‌സസ്ഫുള്ളായിട്ടുള്ള സിനിമകളുടെ ഭാഗമായവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയേ ഉള്ളൂ എന്നും സിദ്ധിഖ് പറഞ്ഞു.

'ആര്‍ക്കും ആരെയും കഥാപാത്രത്തിന് വേണ്ടി നിര്‍ദേശിക്കാന്‍ കഴിയില്ല. കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ ആളെയാണ് ആദ്യം സമീപിക്കുന്നത്. അവരെ ലഭിക്കാതെ വരുമ്പോഴാണ് മറ്റൊരാളെ സമീപിക്കുന്നതെന്നും സിദ്ധിഖ് പറഞ്ഞു. പവര്‍ഗ്രൂപ്പിനെക്കുറിച്ച് അറിയില്ലെന്നും പവര്‍ ഗ്രൂപ്പ് ഒരാളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും സിദ്ധിഖ് പറഞ്ഞു.

പാര്‍വതി കഴിവുള്ള നടിയാണ്. എത്രയോ നല്ല സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്? ഈ അടുത്തിടെയിറങ്ങിയ സിനിമയിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. ഞാനും അഭിനയിക്കുന്നയാളാണ്. അങ്ങനെയെങ്കില്‍ എന്നെയും സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്ന് എനിക്കും പറയാല്ലോ. സിനിമ കിട്ടിയാലേ അഭിനയിക്കാന്‍ പറ്റൂ. അത് നേടിയെടുക്കാന്‍ സാധിക്കില്ല." സംവിധായകരും തിരക്കഥാകൃത്തുക്കളും അവസരം തന്നാല്‍ മാത്രമേ അഭിനയിക്കാന്‍ സാധിക്കൂ എന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.