തിരുവനന്തപുരം: സിദ്ദിഖിന്റേത് അനിവാര്യമായ രാജിയെന്ന് ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മിയും മാല പാര്‍വതിയും. ആരോപണം വരുമ്പോള്‍ മാറിനില്‍ക്കുക എന്നതാണ് ഉചിതമായ തീരുമാനമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഡബ്ല്യുസിസി തുടങ്ങി വെച്ചത് വലിയൊരു പോരാട്ടമാണെന്നും പാര്‍വതി പ്രതികരിച്ചു. യുവനടിയുടെ ആരോപണത്തിന് പിന്നാലെയാണ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചത്.

സ്ത്രീകള്‍ പുറത്തേക്ക് വന്നാല്‍ മാത്രമേ പ്രതിവിധിയുണ്ടാകൂ. ഓരോരുത്തരായി പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. വളരെ സന്തോഷമുണ്ട്. ഈ ധൈര്യം അവസാനം വരെയുണ്ടാകണം. കോടതിയിലും ഇതേ ധൈര്യത്തോടെ വരണം. ഇനിയുള്ള തലമുറ സമാധാനത്തോടെ സിനിമാ മേഖലയില്‍ ജോലി ചെയ്യണമെന്ന ആഗ്രഹമുണ്ടെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകണമെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.

മറ്റുള്ളവര്‍ നമ്മളെ സംരക്ഷിക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കരുത്. എഫ്‌ഐആര്‍ വരെ സര്‍ക്കാരിന് കൂടെനില്‍ക്കാം. കോടതിയില്‍ എത്തേണ്ടത് ആരോപണം ഉന്നയിച്ച സ്ത്രീകളാണ്. അതിനുള്ള ധൈര്യം കാണിക്കണമെന്ന് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ട സംഭവമുണ്ടായപ്പോള്‍ ഡബ്ല്യുസിസിയും തന്നെപ്പോലെ ചിലരും മാത്രമേ അവളോടൊപ്പം ഉണ്ടായിരുന്നുള്ളൂ. അന്ന് പരിഹസിക്കാന്‍ സിനിമയിലെ ചില സ്ത്രീകള്‍ തന്നെ രംഗത്തുവന്നു. കൂടെയാരുമുണ്ടാവില്ല എന്ന ഭയം കൊണ്ടാണ് സ്ത്രീകള്‍ മുന്നോട്ട് വരാത്തതെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

നടി രേവതി സമ്പത്ത് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ സമൂഹവും സര്‍ക്കാരും ഗൌരവത്തോടെ കാണണമെന്ന് മാല പാര്‍വതി ആവശ്യപ്പെട്ടു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് ഇന്നാണ് സിദ്ദിഖ് രാജിക്കത്ത് നല്‍കിയത്. യുവ നടി രേവതി സമ്പത്ത് ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് സിദ്ദിഖിന്റെ രാജി. നടി പരാതി നല്‍കുകയാണെങ്കില്‍ സിദ്ദിഖിനെതിരെ കേസെടുക്കുമെന്നുമാണ് വിവരം. ഒരു സിനിമാ പ്രോജക്റ്റ് ഉണ്ടെന്നും സംസാരിക്കാം എന്നും പറഞ്ഞ് തന്നെ സിദ്ദിഖ് വിളിച്ചു വരുത്തിയാണ് ആക്രമണം നടത്തിയതെന്ന് നടി പറഞ്ഞു. അത്രത്തോളം ജീവിതത്തില്‍ അനുഭവിച്ചു.

പീഡന അനുഭവം തുറന്ന് പറഞ്ഞതിന് സിനിമാ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തി. തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കള്‍ക്കും ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വലിയ പ്രതീക്ഷയുണ്ട്. റിപ്പോര്‍ട്ടില്‍ ഇനിയെന്ത് തുടനടപടി എന്നതാണ് കാര്യം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രാധാന്യം നല്‍കണമെന്നും രേവതി സമ്പത്ത് ആവശ്യപ്പെട്ടു.