തിരുവനന്തപുരം: മലയാളിയുടെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ വിയോഗത്തിന്റെ വേദനയിലാണ് സംഗീത ലോകം. മലയാളികള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ വിയോഗം സാധാരണക്കാരെയും കലാപ്രവര്‍ത്തകരെയും ഒരു പോലെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വളരെയധികം സങ്കടത്തോടെയാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത അറിഞ്ഞതെന്ന് ഗായിക കെഎസ് ചിത്ര പറഞ്ഞു. വയ്യാതിരിക്കുന്നു എന്ന് അറിഞ്ഞ സമയത്ത് മൂന്ന് തവണ ജയേട്ടനെ കാണാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ അതിന് സാധിച്ചില്ലെന്നും വളരെയധികം സങ്കടത്തോടെ പറയുകയാണ് കെ എസ് ചിത്ര. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര ശാഖയ്ക്ക് തീരാ നഷ്ടമാണെന്നും ചിത്ര പറഞ്ഞു

'ആദ്യമായിട്ടൊരു സെലബ്രിറ്റിയുടെ കൂടെ സ്റ്റേജ് ഷെയര്‍ ചെയ്യുന്നത് ജയേട്ടനൊപ്പമാണ്. എണ്‍പതുകളിലാണ് അദ്ദേഹത്തിനൊപ്പം പരിപാടികളില്‍ പങ്കെടുക്കുന്നത്. എന്റെ വീട്ടില്‍ വന്നിരുന്ന് ഒരുപാട് നേരം സംസാരിച്ചിരുന്നിട്ടുണ്ട്. ഞാന്‍ ഭക്ഷണമുണ്ടാക്കി കൊടുത്തിട്ടുണ്ട് റാഫി സാറും സുശീലാമ്മയുമാണ് അദ്ദേഹത്തിന്റെ ഏറ്റവുമിഷ്ടപ്പെട്ട പാട്ടുകാര്‍. അവരെക്കുറിച്ച് വാതോരാതെ സംസാരിക്കും. പാട്ടുകളെക്കുറിച്ച് സംസാരിക്കുന്നതാണ് ഏറെയിഷ്ടം. പെങ്ങള്‍ മരിച്ചുപോയ സമയത്ത് പറഞ്ഞു, ഞാനാ സ്ഥാനത്താണ് നിന്നെ കാണുന്നതെന്ന് പറഞ്ഞു.

അസുഖമാണെന്ന് അറിഞ്ഞിട്ട് ഞാന്‍ മൂന്നോ നാലോ തവണ കാണാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അന്ന് സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ എനിക്ക് കാണാന്‍ സാധിച്ചില്ല, ഞാന്‍ ശ്രമിക്കാഞ്ഞിട്ടല്ല. കാണാന്‍ ശ്രമിച്ചിട്ടും അതിന് സാധിച്ചില്ല, അതെനിക്കൊരു വലിയ സങ്കടം തന്നെയാണ്. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര ശാഖയ്ക്ക് വലിയ നഷ്ടമാണ് ' ചിത്രയുടെ വാക്കുകള്‍.