എരുമപ്പെട്ടി: തൃശൂരിൽ മുഴുവൻ ദുരൂഹത പരത്തി ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. എരുമപ്പെട്ടി കടങ്ങോട് ആണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. രണ്ട് മാസം പഴക്കമുള്ള മനുഷ്യന്‍റെ അസ്ഥികൂടമാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നാണ് എരുമപ്പെട്ടി പോലീസ് സ്ഥലത്ത് എത്തിയത്.

നാട്ടുകാരാണ് ആദ്യം അസ്ഥികൂടം കണ്ടെത്തിയത്. ഷെല്ല് പോലെ ഒരു വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് നാട്ടുകാർക്ക് ആദ്യം സംശയം തോന്നി. പിന്നാലെ പോലീസിൽ വിവിരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പരിശോധനയിൽ അസ്ഥികൂടം മനുഷ്യന്‍റേതാണെന്ന് തിരിച്ചറിഞ്ഞ പോലീസ് തൃശൂർ മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി അയച്ചു.

രണ്ടുമാസം പഴക്കം തോന്നിക്കുന്ന അസ്ഥികൂടമാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് നിന്ന് കാണാതായ ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.