ആലപ്പുഴ: അരൂര്‍-തുറവൂര്‍ ഉയര്‍പ്പാത നിര്‍മാണത്തിനിടെ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗര്‍ഡറുകള്‍ നിലം പതിച്ചു. ഇന്ന് രാവിലെ ആറരയോടെ തുറവൂര്‍ ജങ്ഷനിലാണ് സംഭവം. ഭാഗ്യവശാല്‍ ആളപായമൊന്നും ഉണ്ടായില്ല. സ്റ്റീല്‍ ഗര്‍ഡറുകള്‍ മാറ്റുന്നതിനായി തൂണിനടിയില്‍ പാര്‍ക്ക് ചെയ്തിരുന്ന പുള്ളര്‍ ലോറി പൂര്‍ണ്ണമായി തകര്‍ന്നു.

80 ടണ്‍ ഭാരമുള്ള ഇരുമ്പ് ഗര്‍ഡറുകള്‍ കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ക്ക് താല്‍കാലികമായി പിന്തുണയ്ക്കാനാണ് സ്ഥാപിച്ചിരുന്നത്. ഇറക്കുന്നതിനിടെ ഗതാഗതം തടസപ്പെടുത്തിയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകാനായി.

സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സുരക്ഷാ ക്രമീകരണങ്ങളില്ലാതെ നടക്കുന്ന ഉയരപ്പാത നിര്‍മാണം യാത്രക്കാരന്‍മാര്‍ക്കും പ്രദേശവാസികള്‍ക്കും വലിയ ദുരിതമാണുണ്ടാക്കുന്നതെന്നു പരാതി ഉയര്‍ന്നു.