കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. കാര്‍ഡിയോളജി വിഭാഗത്തിലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടത്. ഇന്നലെയായിരുന്നു സംഭവം. ജീവനക്കാര്‍ ചേര്‍ന്നാണ് പാമ്പിനെ പിടികൂടിയത്. ബി ബ്ലോക്കിലെ ഒരു രോഗിയുടെ കൂട്ടിരിപ്പുകാരാണ് ശുചിമുറിയിലേക്ക് ഇഴഞ്ഞ് കയറുന്ന പാമ്പിനെ ആദ്യം കണ്ടത്. ഉടന്‍തന്നെ ഇവര്‍ ആശുപത്രി ജീവനക്കാരെ വിവരം അറിയിച്ചു.

തുടര്‍ന്ന് ഇവരെത്തി പാമ്പിനെ പിടികൂടി പുറത്ത് കളയുകയും ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇതിന് മുമ്പും പലതവണ പാമ്പിനെ കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളിലും പാമ്പ് ശല്യമുണ്ടെന്നാണ് വിവരം. പ്രദേശത്തെ കാട് വെട്ടിത്തെളിക്കാത്തതും മാലിന്യ നിക്ഷേപവുമാണ് പാമ്പ് ശല്യം കൂടാന്‍ കാരണമെന്നാണ് ആശുപത്രിയിലെത്തുന്നവര്‍ പറയുന്നത്.

ഇതിന് മുമ്പ് ആശുപത്രിയിലെ നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തില്‍ വിഷപ്പാമ്പിനെ കണ്ടെത്തിയിരുന്നു.