തിരുവനന്തപുരം: ഓട്ടോ ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി. തിരുവനന്തപുരം മാറനല്ലൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഓട്ടോറിക്ഷ ഡ്രൈവർ വിഷ്‌ണുവിന്റെ കഴുത്തിലാണ് പാമ്പ് ചുറ്റിയത്. ഹരിത കർമ്മസേന ശേഖരിച്ച മാലിന്യങ്ങളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഈ മാലിന്യത്തിൽ നിന്നാണ് പാമ്പ് വിഷ്‌ണുവിന്റെ കഴുത്തിൽ ചുറ്റിയതെന്നാണ് നിഗമനം.

പിന്നാലെ കഴുത്തിൽ ചുറ്റിയ പാമ്പിനെ തട്ടി മാറ്റാനുള്ള ശ്രമത്തിനിടെ ഓട്ടോ അപകടത്തിൽപ്പെടുകയും ചെയ്‌തു. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.