തിരുവനന്തപുരം: ലൈംഗിക പീഡനാരോപണ കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എസ്പി പൂങ്കുഴലിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. ചേര്‍ത്തല ഡിവൈഎസ്പി ബെന്നിയാണ് മുകേഷിനെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍. കൊച്ചിയിലെ നടിയുടെ പരാതിയില്‍ നടന്‍ ജയസൂര്യയുടെ കേസ് ഒഴികെ മറ്റെല്ലാ കേസിന്റെയും അന്വേഷണ മേല്‍നോട്ടം എസ് പി പൂങ്കുഴലിക്കാണ്.

അതേസമയം, തന്റെ സിനിമ രാഷ്ട്രീയ ജീവിതം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ആരോപണമെന്ന് മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ മുകേഷ്. ആരോപണം തെറ്റെന്ന് തെളിയിക്കാന്‍ 2009 മാര്‍ച്ച് 7 ന് അയച്ച മെയില്‍ സന്ദേശം തെളിവായുണ്ടെന്നും വ്യക്തമാക്കി. തന്റെ മാന്യമായ പെരുമാറ്റത്തെ പരാതിക്കാരി അഭിനന്ദിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായാല്‍ നികത്താനാകാത്ത നഷ്ടമുണ്ടാകും. അന്വേഷണവുമായി എല്ലാത്തരത്തിലും സഹകരിക്കാമെന്നും മുകേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

ബ്ലാക്മെയില്‍ ചെയ്യുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്നും 15 വര്‍ഷം മുന്‍പുള്ള സംഭവത്തിലാണ് ഇപ്പോഴത്തെ പരാതിയെന്നും മുകേഷ് കോടതിയില്‍ പറഞ്ഞു. 2009 മാര്‍ച്ച് ഏഴിന് പരാതിക്കാരി ഇ- മെയില്‍ അയച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിനായി വാട്സ്ആപ് വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കി. നടി തനിക്ക് അയച്ച വാട്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും മുകേഷ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

താന്‍ നിരപരാധിയാണെന്ന് വിശദീകരിച്ച് മുകേഷ് മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിരുന്നു. ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്യമന്ത്രിയോടും വിശദീകരിച്ചത്. നടി അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കൈവശം ഉണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. ഇന്നലെയാണ് മുകേഷ് വിശദീകരണം നല്‍കിയത്.

അതിനിടെ മുകേഷിന്റെ അറസ്റ്റ് കോടതി തടഞ്ഞു. കേസില്‍ വിശദമായ വാദം കേള്‍ക്കുന്ന അടുത്തമാസം 3 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശം. കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് മുകേഷ് കോടതിയെ സമീപിച്ചിരുന്നു. പക്ഷെ കോടതി ജാമ്യം നല്‍കിയില്ല. പകരം അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്.