- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഡിഗോയ്ക്ക് പിന്നാലെ പണികൊടുത്ത് സ്പൈസ് ജെറ്റും; ദുബായിലേക്ക് പുറപ്പെടേണ്ട വിമാനം വൈകിയത് മണിക്കൂറുകൾ; മുഷിഞ്ഞ് വലഞ്ഞ് യാത്രക്കാർ
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദുബായിലേക്ക് പോകേണ്ട സ്പൈസ് ജെറ്റ് വിമാനം മണിക്കൂറുകളോളം വൈകിയതിന് പിന്നാലെ റദ്ദാക്കിയതോടെ 180ഓളം യാത്രക്കാർ ദുരിതത്തിലായി. സാങ്കേതിക തകരാർ കാരണമാണ് വിമാനം വൈകുകയും പിന്നീട് റദ്ദാക്കുകയും ചെയ്തതെന്നാണ് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചത്.
ജനുവരി 5 തിങ്കളാഴ്ച രാത്രി 11.50-ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലെ യാത്രക്കാരാണ് അനിശ്ചിതത്വത്തിലായത്. തിങ്കളാഴ്ച വൈകുന്നേരം വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക്, വിമാനം ചൊവ്വാഴ്ച രാവിലെ മാത്രമേ പുറപ്പെടുകയുള്ളൂവെന്ന വിവരം വൈകിയാണ് ലഭിച്ചത്. തുടർന്ന് രാത്രി വൈകി യാത്രക്കാരെ സമീപത്തെ ഹോട്ടലിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാവിലെ 10.30-ന് വിമാനം പുറപ്പെടുമെന്ന അറിയിപ്പിനെ തുടർന്ന് യാത്രക്കാർ വീണ്ടും വിമാനത്താവളത്തിലെത്തി ചെക്കിൻ നടപടികൾ പൂർത്തിയാക്കി. എന്നാൽ പിന്നീട് സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കുകയായിരുന്നു. ഇതോടെ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങുകയും പ്രതിഷേധിക്കുകയും ചെയ്തു. ജോലി ആവശ്യങ്ങൾക്കും മറ്റ് അത്യാവശ്യങ്ങൾക്കുമായി ദുബായിലേക്ക് പോകേണ്ട നിരവധി പ്രവാസികളാണ് ഈ സാഹചര്യത്തിൽ കടുത്ത ബുദ്ധിമുട്ടിലായത്. വിമാനത്തിന്റെ റദ്ദാക്കൽ യാത്രക്കാരുടെ യാത്രാപദ്ധതികളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.




