- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സല്‍പ്രവൃത്തികളിലൂടെ മുന്നേറാനുള്ള സന്ദേശമായിരിക്കട്ടെ ഈ ആഘോഷം; എന്നും എല്ലാവരും ഒരുമിച്ച് സന്തോഷിക്കട്ടെ: ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സംസ്ഥാനവാസികള്‍ക്ക് ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്നു. സല്‍പ്രവൃത്തികളിലൂടെ മുന്നേറാനുള്ള സന്ദേശമായിരിക്കട്ടെ ഈ ആഘോഷം എന്നും എല്ലാവരും ഒരുമിച്ച് സന്തോഷിക്കട്ടെ എന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സംസ്ഥാനത്ത് ഭക്തി നിറഞ്ഞ ആഘോഷങ്ങള്‍. അഷ്ടമിരോഹിണി ദിനത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ക്ഷേത്രങ്ങളിലും വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനകളും നടത്തി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ തന്നെ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. ഇന്ന് ഇരുന്നൂറിലേറെ കല്യാണ ചടങ്ങുകള്‍ ക്ഷേത്രത്തില്‍ നടന്നു.
ഭക്തജനങ്ങള്‍ക്ക് സൗകര്യപ്രദമായ ദര്‍ശനത്തിനായി പ്രത്യേക ക്രമീകരണങ്ങള്‍ നടപ്പാക്കി. വിഐപി, സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ അനുവദിച്ചിട്ടില്ല. വരിയില്‍ നിന്നുള്ള ഭക്തര്‍ക്ക് കൊടിമരത്തിനു സമീപംകൂടി നേരിട്ട് നാലമ്പലത്തില്‍ എത്തി ദര്‍ശനം നടത്താനുള്ള സൗകര്യമുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കും ഗര്‍ഭിണികള്‍ക്കും കുട്ടികളോടു കൂടിയ രക്ഷിതാക്കള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി.
സംസ്ഥാനവ്യാപകമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശോഭയാത്രകളില്‍ രണ്ടരലക്ഷത്തിലേറെ കുട്ടികള്‍ ഉണ്ണിക്കണ്ണനായി അണിനിരന്നു. 'അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് വിവിധ വേഷങ്ങളില്‍ കുട്ടികള്‍ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും വീഥികളിലൂടെ അണിനിരന്നു. അവതാരകഥകളുടെ നിശ്ചലദൃശ്യങ്ങള്‍, ഭജന സംഘങ്ങള്‍, വാദ്യമേളങ്ങള്‍, കലാരൂപങ്ങള്‍ എന്നിവയുമായി ശോഭയാത്രകള്‍ നിറഞ്ഞു.
ആഘോഷങ്ങളുടെ അവസാനഘട്ടത്തില്‍ ക്ഷേത്രങ്ങളിലുടനീളം ഉറിയടി, ഭജനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും നടന്നു. സംസ്ഥാനത്ത് മുഴുവന്‍ ഭക്തി, സന്തോഷം, ആഘോഷം നിറഞ്ഞ അന്തരീക്ഷമാണ് അനുഭവപ്പെട്ടത്.