കൊച്ചി: വിവാദചുമമരുന്ന് കോള്‍ഡ്രിഫ് കേരളത്തിലും നിരോധിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍.13 ബാച്ചില്‍ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഈ സിറപ്പ് സംസ്ഥാനത്തെ മരുന്ന് കടകളില്‍ നിന്നോ ആശുപത്രികളില്‍ നിന്നോ വില്‍ക്കാനോ കൊടുക്കാനോ പാടില്ലെന്ന് മന്ത്രി അറിയിച്ചു.

ഈ ബാച്ച് മരുന്നിന്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാക്കിയത്. എങ്കിലും സുരക്ഷയെ കരുതിയാണ് കോള്‍ഡ്രിഫ് മരുന്നിന്റെ വിതരണവും വില്‍പ്പനയും പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും വീണ ജോര്‍ജ് അറിയിച്ചു.

അതേസമയം കഫ് സിറപ്പുകളുടെ ഉപയോഗത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ (ഡി.ജി.എച്ച്.എസ്) പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചു. രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സിറപ്പ് നല്‍കരുതെന്നും അഞ്ച് വയസ്സിന് താഴെയുള്ളവര്‍ക്ക് മരുന്ന് നിര്‍ദേശിക്കരുതെന്നുമാണ് പ്രസ്താവിച്ചിരിക്കുന്നത്. അണുബാധയുള്ള കഫ് സിറപ്പുകള്‍ കഴിച്ച് 11 കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്നാണ് ഡി.ജി.എച്ച്.എസിന്റെ മുന്നറിയിപ്പ്.

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്നുകള്‍ നിര്‍ദേശിക്കുകയോ നല്‍കുകയോ ചെയ്യരുത്. അഞ്ചു വയസ്സിന് താഴെയുള്ളവര്‍ക്കും ഇത് ശുപാര്‍ശ ചെയ്യുന്നില്ലെന്നും ഡി.ജി.എച്ച്.എസ് വ്യക്തമാക്കി. അതിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മരുന്ന് കൊടുക്കേണ്ടി വന്നാല്‍ അത് കൃത്യമായ ക്ലിനിക്കല്‍ വിലയിരുത്തലിനു ശേഷമായിരിക്കണം. വളരെ ശ്രദ്ധയോടെ നിര്‍ദേശിക്കപ്പെട്ട ഡോസേജില്‍ വേണം കൊടുക്കാന്‍. മരുന്ന് കഴിച്ച കുട്ടികളെ കൃത്യമായി നിരീക്ഷിക്കുകയും വേണം. ഒന്നിലധികം മരുന്നുകള്‍ കൂടിച്ചേരാതിരിക്കാന്‍ പ്ര?ത്യേകം ശ്രദ്ധിക്കണമെന്നും ഡോക്ടറുടെ അടിക്കുറിപ്പോടെയല്ലാതെ മരുന്നുകളെ ആശ്രയിക്കരുതെന്നും ഡി.ജി.എച്ച്.എസ് ഉപദേശക സമിതിയുടെ മുന്നറിയിപ്പുണ്ട്.

അണുബാധയുള്ള കഫ് സിറപ്പുകള്‍ കഴിച്ച് 11 കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്നാണ് ഡി.ജി.എച്ച്.എസ് പ്രത്യേക നിര്‍ദേശമിറക്കിയത്. സിറപ്പുകള്‍ കഴിച്ചതിനെത്തുടര്‍ന്ന് ചില കുട്ടികള്‍ക്ക് ജലദോഷം, ചുമ, പനി എന്നിവ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് അത് അവരുടെ വൃക്കകളെ ബാധിക്കുകയും ആരോഗ്യനില വഷളാകുകയും ചെയ്തു. ഇത്തരത്തിലാണ് 11 കുട്ടികള്‍ മരണപ്പെട്ടത്. കുട്ടികളിലെ മരണങ്ങള്‍ക്കും വൃക്ക തകരാറിനും കാരണം കോള്‍ഡ്രിഫ് എന്ന ചുമ സിറപ്പാണെന്ന് മധ്യപ്രദേശ് ചിന്ദ്വാരയിലെ അസോസിയേറ്റ് പ്രൊഫസറും പീഡിയാട്രിക്‌സ് മേധാവിയുമായ ഡോ. പവന്‍ നന്ദുര്‍ക്കര്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.