തിരുവനന്തപുരം: വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സ്വര്‍ണാഭരണങ്ങള്‍ വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. 25 പവന്‍ ആഭരണങ്ങളാണ് നഷ്ടപ്പെട്ടിരുന്നത്. ഉത്രാട ദിനത്തില്‍ നടന്ന വിവാഹത്തിന് പിന്നാലെയാണ് മോഷണം നടന്നത്. തിരുവനന്തപുരം മാറനല്ലൂര്‍ പുന്നാവൂര്‍ സ്വദേശി ഗിലിന്റെ വിവാഹ ശേഷമാണ് ഭാര്യയുടെ സ്വര്‍ണം മോഷണം പോയത്.

വീടിന് തൊട്ടടുത്തുള്ള ഹാളില്‍ വിരുന്ന് സല്‍ക്കാരം നടക്കുന്നതിനിടെയാണ് വീട്ടില്‍ അഴിച്ച് വച്ചിരുന്ന സ്വര്‍ണം മോഷണം പോയത്. മാറനല്ലൂര്‍ പോലീസ് പരിശോധന പൂര്‍ത്തിയാക്കി അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ഉത്രാട ദിനത്തിലാണ് ഗിലിന്റെ ഭാര്യ ഹന്നയുടെ 25 പവന്‍ സ്വര്‍ണം വീട്ടില്‍ നിന്ന് മോഷണം പോയത്. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ ഇരുവരും തൊട്ടടുത്ത ഹാളില്‍ വിരുന്ന് സല്‍ക്കാരത്തിനായി പോയ സമയത്താണ് വീട്ടില്‍ അഴിച്ച് വച്ചിരുന്ന ഹന്നയുടെ സ്വര്‍ണ്ണം മോഷണം പോയത്. മുറിയില്‍ 28 പവന്‍ സ്വര്‍ണം ഉണ്ടായിരുന്നെങ്കിലും ഒരു മാലയും വളയും കമ്മലും ഉള്‍പ്പടെ മൂന്ന് പവന്‍ എടുക്കാതെ ബാക്കിയുള്ള 25 പവന്‍ സ്വര്‍ണ്ണവുമായാണ് മോഷ്ടാവ് കടന്നത്.

മോഷണം നടന്ന് അഞ്ചു ദിവസത്തിന് ശേഷം ഇന്ന് ഉച്ചയോടെയാണ് മോഷണം പോയ ആഭരണങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ കെട്ടി വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഇതില്‍ ചില മോതിരങ്ങള്‍ കൂടി കണ്ടെത്താനുണ്ടെന്ന് ഗിലിന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. വിവാഹത്തില്‍ പങ്കെടുത്ത ആളുകള്‍ ഉള്‍പ്പടെ എട്ടുപേരെ പൊലീസ് സംശയിക്കുന്നുണ്ട്. ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പ്രതിയെ പറ്റി ചില സൂചനകള്‍ ലഭിച്ചതയാണ് വിവരം. മാറനല്ലൂര്‍ പോലീസ് പരിശോധന പൂര്‍ത്തിയാക്കി. പിടിക്കപ്പെടുമെന്ന സാഹചര്യത്തില്‍ പ്രതി തന്നെ സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ചതാകമെന്നാണ് പൊലീസ് നിഗമനം.