കൊച്ചി: എറണാകുളം എരൂരിൽ ലോറി ഡ്രൈവർക്ക് നേരെ ആറ് തെരുവുനായ്ക്കളുടെ കൂട്ടാക്രമണം. അടിമാലി സ്വദേശിയായ പൗലോസ് എന്നയാൾക്കാണ് ഇന്ന് രാവിലെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. മുഖത്തും കൈകളിലും ശരീരമാസകലവും ഇദ്ദേഹത്തിന് സാരമായ പരിക്കുകളുണ്ട്.

പന്തൽ നിർമ്മാണത്തിനുള്ള സാമഗ്രികളുമായി അടിമാലിയിൽ നിന്ന് എരൂരിലെ സെൻട്രൽ വെയർഹൗസിന് സമീപം ലോറി പാർക്ക് ചെയ്ത് ലോറിക്കുള്ളിൽ കിടക്കുകയായിരുന്നു പൗലോസ്. ലോറിയുടെ അടിയിൽ നായ്ക്കൾ ബഹളം വെക്കുന്നത് കേട്ട് അവയെ ഓടിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് ആറ് നായ്ക്കളും ചേർന്ന് ഇദ്ദേഹത്തെ ആക്രമിച്ചത്.

ആക്രമണത്തിൽ പൗലോസിന്റെ മുഖത്തും കൈകളിലും ശരീരത്തിലാസകലം ആഴത്തിലുള്ള കടിയേറ്റ പാടുകളും മുറിവുകളുമുണ്ടായി. അതിക്രൂരമായ ആക്രമണത്തിൽ നിന്ന് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തേക്ക് ഓടിക്കയറിയാണ് ഇദ്ദേഹം രക്ഷപ്പെട്ടത്.

ആദ്യം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പൗലോസിനെ, വിദഗ്ദ്ധ ചികിത്സയ്ക്കായി പിന്നീട് അടിമാലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.