തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട്-വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. കൂശർകോട് സ്വദേശികളാണ് ഇരുവരും. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്കാണ് അപകടം ഉണ്ടായത്.

ആനാട് ഗ്രാമപഞ്ചായത്തിന്‍റെ നീന്തൽ പരിശീലന കുളത്തിലാണ് അപകടം ഉണ്ടായത്. രാവിലെയും വൈകിട്ടുമാണ് ഇവിടെ നീന്തൽ പരിശീലനം നടത്തുക. എന്നാൽ നീന്തൽ പരിശീലനം നടത്തുന്ന കുളത്തിന്റെ മതിൽ ചാടിയാണ് കുട്ടികൾ അകത്തേക്ക് കടന്നത്.

7 കുട്ടികളാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. ഇവരിൽ രണ്ടുപേർ മുങ്ങിത്താഴുന്നതുകണ്ട് ബാക്കിയുള്ളവർ തൊട്ടടുത്തുള്ള ഓട്ടോസ്റ്റാന്റിൽ വിവരമറിയിക്കുകയായിരുന്നു. എന്നാൽ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.