തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പ് കടപ്പുറത്ത് ഇന്നലെ വൈകിട്ട് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ തിരയിൽപ്പെട്ട് കാണാതായി. കണിയാപുരം സ്വദേശികളായ നബീൽ, അഭിജിത്ത് എന്നിവരാണ് മരിച്ചത്. ഇരുവരും പ്ലസ് വൺ വിദ്യാർത്ഥികളായിരുന്നു.

വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. അഞ്ചംഗ സംഘമാണ് കടലിൽ കുളിക്കാനായി ഇറങ്ങിയത്. ഇതിൽ മൂന്നുപേർ ശക്തമായ തിരയിൽ അകപ്പെടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ആസിഫ് എന്ന വിദ്യാർത്ഥിയെ നാട്ടുകാർ അത്ഭുതകരമായി രക്ഷപ്പെടുത്തി. എന്നാൽ, നബീലിനെയും അഭിജിത്തിനെയും കണ്ടെത്താനായില്ല.

രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുന്നതിനിടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുന്നത്. കഠിനംകുളം പോലീസും അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസും കഴക്കൂട്ടത്ത് നിന്നുള്ള അഗ്നിരക്ഷാ സേനയും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. അപകടത്തിൽപ്പെട്ട ആസിഫിനെ പുത്തൻതോപ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.