ചെങ്ങന്നൂര്‍: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധിപ്പേരില്‍നിന്നായി ഒരു കോടിയിലേറെ രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ മുങ്ങി നടന്ന യുവതി പോലീസ് പിടിയിലായത് തന്ത്രപരമായ അന്വേഷണത്തില്‍. ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നിര്‍ദേശാനുസരണം ചെങ്ങന്നൂര്‍ എസ്എച്ച്ഒ എ.സി. വിപിന്റെ നേതൃത്വത്തില്‍ എസഐമാരായ മധുകുമാര്‍, ഗീതു, നിധിന്‍ രാജ്, സീനിയര്‍ സിപിഒ ഹരികുമാര്‍, സിപിഒമാരായ കണ്ണന്‍, ബിന്ദു എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

ചെങ്ങന്നൂര്‍ താലൂക്കിലെ പുലിയൂര്‍ സുജിത ഭവനില്‍ മനോജ് കുമാറിന്റെ ഭാര്യ സുജിത സുരേഷ് (39) ആണ് അറസ്റ്റിലായത്. കുറ്റകൃത്യത്തില്‍ യുവതിക്കൊപ്പം മറ്റ് ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ ഭര്‍ത്താവിനു പുറമേ ചെങ്ങന്നൂരിലെ ഒരു ബിസിനസുകാരനും ഉള്‍പ്പെടെ ചിലരുടെ പേരുകള്‍ പരാതിക്കാരില്‍ ചിലര്‍ ആരോപിക്കുന്നുണ്ട്. പ്രതിയെ സഹായിച്ചവരുടെ കൂട്ടത്തില്‍ ഒരു മുതിര്‍ന്ന പോലീസുകാരന്റെ പേരും ആരോപണത്തിലുണ്ട്. അതുകൊണ്ട് തന്നെ അതീവ രഹസ്യ ഓപ്പറേഷനിലൂടെയാണ് സുജിതയെ അറസ്റ്റു ചെയ്തത്

വ്യാജ നിര്‍മിത പിഎസ്സി റാങ്ക് ലിസ്റ്റ് അടക്കം വിവിധ രേഖകള്‍ കാണിച്ചാണ് ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചത്. താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണെന്നു വിശ്വസിപ്പിക്കാന്‍ സ്വയം നിര്‍മിച്ച വ്യാജ സര്‍വീസ് ഐഡി കാര്‍ഡും ഇവര്‍ ഉദ്യോഗാര്‍ഥികളുടെ മുമ്പില്‍ കാട്ടി. ഇതെല്ലാം വിശ്വസിച്ചാണ് ആളുകള്‍ പണം നല്‍കിയത്. മാന്നാര്‍ ബുധനൂര്‍ സ്വദേശിയായ യുവതിക്ക് ആയുര്‍വേദ ആശുപത്രിയിലോ കേരള വാട്ടര്‍ അഥോറിറ്റിയിലോ സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 2023 ഫെബ്രുവരിയില്‍ നാലേകാല്‍ ലക്ഷം രൂപ വാങ്ങി. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റ്.

താനും ആയുര്‍വേദ ആശുപത്രിയിലെ ജോലിക്കാരിയാണെന്നും പണം കൊടുത്താണ് ജോലിയില്‍ കയറിയതെന്നും പ്രതി പരാതിക്കാരിയെ പറഞ്ഞു വിശ്വസിപ്പിച്ചു. പുലിയൂര്‍ സ്വദേശിയായ മറ്റൊരു യുവതിയുള്‍പ്പെടെ നിരവധി പ്പേരെ സമാന രീതിയില്‍ വഞ്ചിച്ചതിന് പ്രതിക്കെതിരേ ചെങ്ങന്നൂര്‍, വെണ്‍മണി പോലീസ് സ്റ്റേഷനുകളിലായി കേസുകളുണ്ട്. തൊഴില്‍ വാഗ്ദാനത്തിനു പുറമേ താന്‍ ചെങ്ങന്നൂരിലെ ഒരു കെട്ടിട നിര്‍മാണക്കമ്പനിയുടെയും സ്വകാര്യ സാമ്പത്തിക ഇടപാട് സ്ഥാപനത്തിന്റെയും പാര്‍ട്ണര്‍ ആണെന്നും കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ ഷെയര്‍ വിഹിതം ഉള്‍പ്പെടെ കൂടുതല്‍ ലാഭം ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ തിന് മറ്റ് രണ്ടു കേസുകളും പ്രതിക്കെതിരേയുണ്ട്.

നിരവധി പരാതികള്ഡ കോടതികളുടെ മുമ്പാകെയുണ്ട്. ഇതിനുപുറമേ നിരവധി ചെക്കു കേസുകളും പ്രതിക്കെതിരായുണ്ടെന്നും പോലീസ് അറിയിച്ചു. ഉന്നത ബന്ധങ്ങളുപയോഗിച്ചാണ് ഈ കേസുകളിലെല്ലാം സുജിത അറസ്റ്റ് ഒഴിവാക്കിയിരുന്നത്.

സുജിത സുരേഷ്, ചെങ്ങന്നൂര്‍