കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെഡിടി ഇസ്ലാം ആർട്‌സ് കോളേജിൽ ഉണ്ടായ അപ്രതീക്ഷിത അപകടത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്ക്. കോളേജ് കെട്ടിടത്തിന്റെ ഒന്നാം നിലക്ക് മുകളിലെ സൺഷേഡിന്റെ ഭാഗം ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.

ഈ സമയം സൺഷേഡിന്റെ താഴെ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നാല് പേരെയും ഉടൻതന്നെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരു വിദ്യാർത്ഥിയുടെ തലയ്ക്ക് താരതമ്യേന ഗുരുതരമായ പരിക്കേറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റ് വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമല്ല.