കൊച്ചി: സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തു വരട്ടെയെന്ന് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സിനിമാ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണമെന്ന് താരം പ്രതികരിച്ചു. ഒപ്പം വരുംതലമുറയ്ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാനും ഇത് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടനും എംഎല്‍എയുമായ എം മുകേഷും രംഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്നാണ് മുകേഷ് അഭിപ്രായപ്പെട്ടത്. ഹേമ കമ്മിറ്റിയോട് താന്‍ നാല് മണിക്കൂര്‍ സമയം സംസാരിച്ചെന്നും മറ്റുള്ളവര്‍ എന്തു പറഞ്ഞെന്ന് അറിയില്ലെന്നും മുകേഷ് പറഞ്ഞു. സിനിമ മേഖലയില്‍ മാത്രമല്ല എല്ലാ മേഖലയിലെയും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്നും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. നടി രഞ്ജിനി ഹര്‍ജിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാത്തത്. തിങ്കളാഴ്ച കോടതിയില്‍ കേസ് പരിഗണിച്ചതിന് ശേഷം തുടര്‍ തീരുമാനമെടുക്കുമെന്ന് സാംസ്‌കാരിക വകുപ്പ് അറിയിച്ചു. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഈ അറിയിപ്പ് ലഭിച്ചത്.

നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജി തള്ളിയ കോടതി ഉത്തരവ് അനുസരിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ 19 -ാം തിയതി വരെ സര്‍ക്കാരിന് സമയമുണ്ട്. അതിനാല്‍ അല്‍പം കൂടി കാത്തിരിക്കാമല്ലോ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.