തൃശ്ശൂര്‍: പൂരം കലക്കലില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സില്‍ തന്നെയെന്ന കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ ഏറ്റുപറച്ചിലിനു പിന്നാലെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രോഗികളുടെ ചികിത്സക്കും ജീവന്‍ രക്ഷയ്ക്കും ആശുപത്രികള്‍ക്കും വേണ്ടി മാത്രം വിനിയോഗിക്കണ്ട ആംബുലന്‍സ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നത് ദുരുപയോഗമാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

'അദ്ദേഹം നല്ല നടനായിരുന്നു, എന്നാല്‍ എപ്പോഴും നാട്യം. ഡയലോഗ് എന്നിവ മാത്രമായാല്‍ ഓര്‍മ്മയുണ്ടോ ഈ മുഖമെന്ന് ജനങ്ങള്‍ സ്വയം ചോദിക്കും. ഇതാണ് നിലവിലെ അവസ്ഥ' ബിനോയ് വിശ്വം പരിഹസിച്ചു.

പൂരനഗരിയില്‍ ആംബുലന്‍സില്‍ വന്നിറങ്ങിയിട്ടില്ല എന്ന വാദമുയര്‍ത്തി സുരേഷ് ഗോപി നടത്തിയ വെല്ലുവിളികളോട് പ്രതികരിക്കാനില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അറിയിച്ചിരുന്നു.

കാലിന് സുഖമില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഇടയിലൂടെ നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ടാണ് ആംബുലന്‍സില്‍ എത്തിയത് എന്നാണ് സുരേഷ് ഗോപി ഇന്ന് പ്രതികരിച്ചത്.. തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നാലെ സുരേഷ്ഗോപി ആംബുലന്‍സില്‍ വന്നിറങ്ങിയത് വിവാദമായിരുന്നു. പിന്നാലെ, ഇത് നിഷേധിച്ച അദ്ദേഹം താന്‍ ആംബുലന്‍സില്‍ വന്നിറങ്ങിയത് മായക്കാഴ്ച എന്നായിരുന്നു സുരേഷ്ഗോപി നേരത്തെ പറഞ്ഞിരുന്നത്.

ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നും ഒരു സിനിമാ ഡയലോഗ് പറയുകയാണ് ചെയ്തതെന്നും സുരേഷ്ഗോപി വിശദീകരിച്ചു. അതേസമയം, പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സിബിഐയെ കൊണ്ടുവരാന്‍ ചങ്കൂറ്റമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

സത്യം വെളിയില്‍ വരണം എന്നുണ്ടെങ്കില്‍ സിബിഐയെ കൊണ്ടുവരണം. അങ്ങനെ ചെയ്താല്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം മുഴുവന്‍ കത്തിനശിച്ചുപോകും. തൃശ്ശൂരിലെ ജനങ്ങള്‍ വോട്ട് ചെയ്തതിന് കാരണം കരുവന്നൂര്‍ വിഷയംകൊണ്ടാണെന്നും അത് മറയ്ക്കാനാണ് പൂരം കലക്കല്‍ ആരോപണമെന്നും സുരേഷ്ഗോപി ആരോപിച്ചു.