- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കൾക്ക് ധരിക്കാനുള്ള വസ്ത്രം തുന്നുന്നതിന് ഇടയിൽ ശ്രദ്ധ തെറ്റി; വീട്ടമ്മയുടെ ചൂണ്ടുവിരലിൽ സൂചി തുളച്ച് കയറി; പിന്നാലെ രക്ഷകരായി അഗ്നിരക്ഷാസേന
തിരുവല്ല: സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള വസ്ത്രം തുന്നുന്നതിനിടെ തയ്യൽ മെഷീനിലെ സൂചി വീട്ടമ്മയുടെ വിരലിൽ തുളച്ചുകയറി. തിരുവല്ല കിഴക്കൻ മുത്തൂരിലാണ് സംഭവം. 32 കാരിയായ സൽമയുടെ ഇടതുകൈയിലെ ചൂണ്ടുവിരലിന്റെ മധ്യത്തിലൂടെയാണ് സൂചി തുളച്ചുകയറിയത്. മെഷീനിൽ കുടുങ്ങിയ വിരൽ പുറത്തെടുക്കാനാവാതെ വന്നതോടെ അഗ്നിശമന സേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിന് മക്കൾക്ക് വസ്ത്രങ്ങൾ തയ്യാറാക്കുന്ന തിരക്കിലാണ് സൽമ. ഈ സമയം അശ്രദ്ധമായി കൈ തയ്യൽ മെഷീനിലേക്ക് വെച്ചപ്പോൾ സൂചി വിരലിൽ തുളഞ്ഞുകയറുകയായിരുന്നു. വിരൽ മെഷീനിൽ നിന്ന് മാറ്റാൻ കഴിയാതായതോടെ വീട്ടുകാർ ഉടൻ തന്നെ തിരുവല്ല അഗ്നിശമന സേനാ സ്റ്റേഷനിൽ വിവരമറിയിച്ചു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.കെ. ശ്രീനിവാസിൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ഡി. ദിനുരാജ്, ആർ. രാഹുൽ, പി.എസ്. സുധീഷ് എന്നിവർ സ്ഥലത്തെത്തി. ഏറെ പ്രയത്നത്തിനൊടുവിൽ മെഷീനിൽ നിന്ന് സൂചി വേർപെടുത്തി. തുടർന്ന് സൽമയെ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിരലിൽ നിന്ന് സൂചി നീക്കം ചെയ്തു. വിരലിനുള്ളിൽ ഒടിഞ്ഞ നിലയിലായിരുന്നു സൂചി.