കൊച്ചി: തവനൂർ-തിരുനാവായ പാലം പണിയുന്നതിനെതിരെ മെട്രോമാൻ ഇ ശ്രീധരൻ നൽകിയ പരാതി പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി. പിഡബ്ല്യൂഡി സെക്രട്ടറിയ്ക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതോടെ പാലം പണിയുന്നതുമായി ബന്ധപ്പെട്ട ശ്രീധരൻ മുന്നോട്ടിവെച്ച നിർദ്ദേശങ്ങൾ പാലിക്കാതെ സർക്കാരിന് ഏകപക്ഷീയമായി തീരുമാനം കൈക്കൊള്ളാൻ സാധിക്കില്ല.

നേരത്തെ, തവനൂര്‍-തിരുനാവായ പാലം നിര്‍മാണത്തിനെതിരെ മെട്രോമാന്‍ ഇ ശ്രീധരന്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. നിലവിലെ അലൈന്മെന്റ് തിരുനാവായയിലെ ആരാധനാകേന്ദ്രങ്ങളെയും പൈതൃകകേന്ദ്രങ്ങളെയും ബാധിക്കുന്നതാണെന്നും അതിൽ മാറ്റം വേണമെന്നും ആവശ്യപ്പെട്ട് ഇ ശ്രീധരൻ നൽകിയ ഹർജി തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

നിലവിലെ അലൈന്മെന്റ് പ്രകാരം പാലം നിർമിച്ചാൽ കേരള ഗാന്ധി കെ കേളപ്പന്റെ സ്മൃതി മണ്ഡപമടക്കമുള്ള ചരിത്ര സ്മാരകങ്ങൾ തകർക്കേണ്ടിവരുമെന്നും ഭാരതപുഴയുടെ തീരത്തുള്ള ക്ഷേത്രത്തിന്റെ മതപരമായ പവിത്രതയെ ബാധിക്കുമെന്നുമാണ് ശ്രീധരന്റെ ഹർജിയിൽ പറയുന്നത്.

മാത്രമല്ല നിലവിലെ രൂപരേഖ പ്രകാരം പാലം നിർമിക്കുന്നത് ചെരിഞ്ഞാണെന്നും ഇത് ബലക്ഷയത്തിന് കാരണമാകുമെന്നും പറയുന്നുണ്ട്. ഇതിന് പകരമായി മറ്റൊരു മാതൃക സർക്കാരിന് സമർപ്പിച്ചെങ്കിലും പരിഗണിച്ചില്ല. താൻ തയാറാക്കിയ രൂപരേഖ പ്രകാരമാണ് പാലം നിർമിക്കുന്നതെങ്കിൽ പാലത്തിന് നീളം കുറവായിരിക്കുമെന്നും അതിലൂടെ 4 കോടിയോളം രൂപ ചെലവ് കുറയ്ക്കാൻ കഴിയുമെന്നും ഹർജിയിൽ വിശദീകരിച്ചിരുന്നു.

2009 ജൂലൈ 14നാണ് പാലത്തിന് സംസ്ഥാന സര്‍ക്കാറിന്റെ ഭരണാനുമതി ലഭിച്ചത്. 2021 ലാണ് ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിച്ചത്. പാലം പൂര്‍ത്തിയാകുന്നതോടെ കോഴിക്കോട്-കൊച്ചി യാത്രയുടെ ദൂരം ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ത്രിമൂര്‍ത്തി സംഗമസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ഥ്യമാകുന്നതോടെ തീര്‍ഥാടന ടൂറിസം രംഗത്തും ഏറെ ഗുണകരമാകുമെന്ന വിലയിരുത്തലുമുണ്ട്.