കൊല്ലം: ഹോംവർക്ക് ചെയ്യാത്തതിനെ തുടർന്ന് കൊല്ലം ചാത്തിനാംകുളം എം എസ് എം ഹയർ സെക്കന്ററി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ തുട അടിച്ചുപൊട്ടിച്ച് അധ്യാപകൻ. ഡിസംബർ 11-ന് നടന്ന ഈ ക്രൂരമർദ്ദനത്തിൽ കുട്ടിയുടെ തുടയിൽ ഗുരുതര പരിക്കേറ്റു. സംഭവത്തിൽ രക്ഷിതാക്കൾ പോലീസിലും ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ട്.

അധ്യാപകൻ കുട്ടിയുടെ കൈകൾ ഡസ്കിന് പുറത്ത് ബലമായി പിടിച്ചുവെച്ച ശേഷം പിൻഭാഗത്തായി തുടർച്ചയായി പല തവണ അടിക്കുകയായിരുന്നു. കരയരുതെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് ഈ പ്രാകൃത മർദ്ദനമുറ അരങ്ങേറിയത്. വീട്ടിലെത്തിയ കുട്ടിയെ കുളിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് തുട പൊട്ടി ചോരയൊലിക്കുന്നതായി രക്ഷിതാക്കൾ ശ്രദ്ധിച്ചത്.

പരാതി നൽകിയിട്ട് അഞ്ചു ദിവസങ്ങൾ പിന്നിട്ടിട്ടും കാര്യമായ അന്വേഷണം നടന്നില്ലെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. ഇതിനിടെ, നൽകിയ പരാതി പിൻവലിക്കാൻ സ്കൂൾ അധികൃതർ സമ്മർദ്ദം ചെലുത്തുന്നതായും അവർ വെളിപ്പെടുത്തി. നിലവിൽ കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. വിഷയത്തിൽ നീതി തേടി മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്കും രക്ഷിതാക്കൾ പരാതി അയച്ചിട്ടുണ്ട്.