- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേദപാഠ ക്ലാസിൽ വെച്ച് മകനെ ശകാരിച്ചു; അധ്യാപകനെ വാഹനം തടഞ്ഞു നിർത്തി മുഖത്ത് കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു; സംഭവം കണ്ണൂരിൽ
കണ്ണൂർ: ശ്രീകണ്ഠപുരത്ത് വേദപാഠ ക്ലാസ്സിൽ വെച്ച് വിദ്യാർത്ഥിയെ ശകാരിച്ചതിന്റെ പേരിൽ അധ്യാപകന്റെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതായി പരാതി. ചെമ്പേരിയിലെ എക്സൽ അലുമിനിയം ഫാബ്രിക്കേഷൻ ഉടമയും നെല്ലിക്കുറ്റി പള്ളി കൈക്കാരനുമായ ബിജു തയ്യിലിനെതിരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ഏരുവേശ്ശി സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
റേഷൻ കടയിൽനിന്നും സാധനങ്ങൾ വാങ്ങി തിരികെ വരികയായിരുന്ന ബിജു തയ്യിലിന്റെ വാഹനം തടഞ്ഞുനിർത്തിർത്തുകയായിരുന്നു.തുടർന്ന് കല്ലുകൊണ്ട് തലയിലും മുഖത്തും തുടർച്ചയായി ഇടിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഈ ആക്രമണത്തിൽ ബിജുവിന്റെ മൂക്കിലൂടെയും വായിലൂടെയും രക്തം ചീറ്റുകയും അദ്ദേഹം വാഹനത്തിൽ കുഴഞ്ഞു വീഴുകയുമായിരുന്നു. നാട്ടുകാരാണ് ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചത്.
മർദ്ദിച്ചയാളുടെ മകന്റെ വേദപാഠ അധ്യാപകനായിരുന്നു ബിജു തയ്യിൽ. മകനെ ക്ലാസ്സിൽ വെച്ച് ശകാരിച്ചു എന്നാരോപിച്ചാണ് ആക്രമണമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. മുൻപും വാഹനം തടഞ്ഞുനിർത്തി ബിജുവിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ഇടപെട്ട് തടഞ്ഞതായും പറയപ്പെടുന്നു. നെല്ലിക്കുറ്റി വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റ് സെക്രട്ടറിയായ ബിജു തയ്യിലിനെതിരെയുണ്ടായ ഈ ആക്രമണത്തിൽ പ്രതിഷേധിച്ച് നെല്ലിക്കുറ്റിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.