അമ്പലപ്പുഴ: ബാർ ജീവനക്കാരനെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. നീർക്കുന്നം ബാർ ജീവനക്കാരനായ ടിനോക്കാണ് പരിക്കേറ്റിരുന്നത്. കേസിൽ വിഷ്ണു (24), അർജ്ജുൻ (27), ശ്യാംകുമാർ (33) അ ജയകുമാർ (55) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 4നായിരുന്നു സംഭവമുണ്ടായത്.

രാവിലെ 11 മണിയോട് കൂടി മദ്യപിക്കാൻ ബാറിൽ എത്തിയ പ്രതികൾ സോഡാ കുപ്പികളും മദ്യക്കുപ്പികളും വലിച്ചെറിഞ്ഞ് പ്രശ്നമുണ്ടാക്കി. തുടർന്ന് ബാറിലെ ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി.

പോലീസ് എത്തിയതോടെ പ്രതികൾ സംഭവസ്ഥലത്തു നിന്നും കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പ്രതികളെ ടിനോ തടയാൻ ശ്രമിക്കുകയും അവർ രക്ഷപ്പെട്ട വഴി കാണിച്ച് കൊടുക്കുകയും ചെയ്തു. ഇതിനു പ്രതികാരമായാണ് പ്രതികൾ ടിനോയെ ആക്രമിച്ചത്.

ശേഷം ഇവർ ടിനോയെ മറ്റൊരു സ്ഥലത്തു പതിഞ്ഞിരുന്നു പരിക്കേൽപ്പിച്ചു. ഇജാബാ പള്ളിയുടെ കിഴക്ക് വശത്തുള്ള റോഡിന്റെ വടക്ക് ഭാഗത്തുള്ള വീടിന് സമീപം പതുങ്ങി നിന്ന വിഷ്ണു ഹോളോ ബ്രിക്സ് കഷണം കൊണ്ട് തലയിലും മുഖത്തും ഇടിക്കുകയും ചെയ്യുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.