മലപ്പുറം: മലപ്പുറം വളയംകുളത്ത് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നാലര പവന്‍ സ്വര്‍ണ്ണവും 60,000 രൂപയുമാണ് കവര്‍ച്ച പോയത്. വളയംകുളം സ്വദേശി ചെറുകര റഫീഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബന്ധുവീട്ടിൽ പോയി റഫീഖും കുടുംബവും തിരിച്ചെത്തുമ്പോഴേക്കും പ്രതികൾ വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ചങ്ങരംകുളം പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഇന്നലെ രാത്രിയാണ് റഫീഖും കുടുംബവും പൊന്നാനിയിലെ ബന്ധുവീട്ടിലേക്ക് പോയത്. പുലർച്ചെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തുറന്നിട്ട നിലയിലും കണ്ടെത്തിയത്. പിന്നീടാണ് വീട്ടിൽ നിന്ന് രണ്ട് പേർ വീട്ടിൽ നിന്ന് ഇറങ്ങി ഓടുന്നത് കണ്ടത്.

അലമാരകൾ തുറന്ന് വസ്ത്രങ്ങൾ വാരി വലിച്ചിട്ട നിലയിൽ ആണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ബൈക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മോഷ്ടാക്കൾ വന്ന വാഹനമാകാം എന്ന നിഗമത്തിലാണ് പോലീസ്. പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.