- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണം കഴിക്കുന്നതിനിടെ വടിവാളുമായി ആറംഗസംഘം; അലമാര വെട്ടിപ്പൊളിച്ചു, ബുള്ളറ്റും ഫ്രിഡ്ജും തകർത്തു; ശൂരനാട് അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം; വയോധികയ്ക്കും കുട്ടികൾക്കും മർദനം

കൊല്ലം: ശൂരനാട് വടക്ക് പാറക്കടവിൽ മാരകായുധങ്ങളുമായെത്തിയ ആറംഗസംഘം വീട് അടിച്ചുതകർത്തു. ചിറപ്പാട് അഖിലാലയത്തിൽ അജിത്തിന്റെ (43) വീടിനു നേരെയാണ് വ്യാഴാഴ്ച രാത്രി 11 മണിയോടെ ആക്രമണമുണ്ടായത്. അജിത്തിനെയും മക്കളെയും വയോധികയായ മാതാവിനെയും സംഘം മർദിച്ചു. സി.പി.എം. പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് വീട്ടുകാർ ആരോപിച്ചു.
രാത്രിയിൽ വീട്ടുകാർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് വടിവാളും വെട്ടുകത്തിയുമായെത്തിയ സംഘം വീടിനുള്ളിലേക്ക് ഇരച്ചുകയറിയത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്ന് വീട്ടുകാർ പറയുന്നു. വീടിന്റെ ജനാലകൾ, ടി.വി., ഫ്രിഡ്ജ്, അടുക്കള സാധനങ്ങൾ, കസേരകൾ, മൊബൈൽ ഫോണുകൾ എന്നിവയെല്ലാം സംഘം തകർത്തു. മുറിക്കുള്ളിലുണ്ടായിരുന്ന തടിയലമാര വെട്ടിപ്പൊളിക്കുകയും മുറ്റത്തിരുന്ന ബുള്ളറ്റ് ഉൾപ്പെടെയുള്ള ഇരുചക്രവാഹനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു.
അക്രമത്തിൽ അജിത്ത്, മാതാവ് ഗൗരിക്കുട്ടി (68), മക്കളായ അഭിജിത്ത് (14), അഖില (17) എന്നിവർക്ക് പരിക്കേറ്റു. കുട്ടികളോട് അക്രമികൾ മോശമായി പെരുമാറിയതായും പരാതിയുണ്ട്. "പുറത്തേക്കിറങ്ങി ഓടിയതിനാലാണ് ജീവൻ തിരിച്ചുകിട്ടിയത്," അജിത്ത് പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് വീട്ടിലുണ്ടായിരിക്കുന്നത്.
മാസങ്ങൾക്കു മുൻപ് ആനയടി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലുണ്ടായ തർക്കങ്ങളുടെ തുടർച്ചയാണ് ഈ ആക്രമണമെന്നാണ് സൂചന. പാതിരിക്കൽ സ്വദേശിയായ സി.പി.എം. നേതാവിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. ശൂരനാട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. അക്രമികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.


