- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ടർ ട്രീറ്റ്‌മെന്റ്-കുതിരച്ചാൽ പുതുവൽ റോഡ് തകർന്നിട്ട് വർഷങ്ങൾ; റോഡിൽ അപകടങ്ങളും വർധിക്കുന്നു; തെരുവുനായ ശല്യവും രൂക്ഷം; റോഡ് പുനർനിർമിക്കണമെന്ന ആവശ്യം ശക്തം; തിരിഞ്ഞ് നോക്കാതെ അധികാരികൾ
ആലപ്പുഴ: തലവടി പഞ്ചായത്ത് വാട്ടർ ട്രീറ്റ്‌മെന്റ്-കുതിരച്ചാൽ പുതുവൽ റോഡ് തകർന്നിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും തിരിഞ്ഞ് നോക്കാതെ അധികാരികൾ. പ്രശസ്തമായ നീരേറ്റുപുറം പമ്പാ ജലോത്സവം നടക്കുന്നതും ഇവിടെയാണ്. റോഡിൻറെ മധ്യഭാഗത്താണ് നീരേറ്റുപുറം പമ്പാ ജലമേളയുടെ ഫിനിഷിങ് പോയിന്റുള്ളത്. വള്ളംകളി സമയത്ത് മന്ത്രിമാരടക്കം ഒട്ടേറെ ഉദ്യോഗസ്ഥർ എത്തുന്നതും പതിവാണ്, എന്നിട്ടും റോഡിൻറെ സ്ഥിതിയിൽ മാറ്റമില്ല. റോഡ് പുനർനിർമിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ പല തവണ അധികാരികളെ സമീപിച്ചുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. മഴക്കാലത്ത് വെള്ളം കയറുന്ന പ്രദേശം കൂടിയാണിത്.
വെള്ളം കയറുന്നതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമാകും. റോഡിന്റെ ദുഷ്കരമായ അവസ്ഥ പ്രദേശവാസികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മണിമലയാറും പമ്പാ നദിയും ചേരുന്ന സമീപത്തെ നദിയിൽ നിന്നും മഴക്കാലത്ത് റോഡിലേക്ക് വെള്ളം കയറുന്ന അവസ്ഥയാണ്. തീരത്തിന്റെ വശം ഇടിഞ്ഞു താഴുകയും വൈധ്യുതി പോസ്റ്റുകൾ നദിയിലേക്ക് ചെരിയുന്നതും പതിവാണ്. കുട്ടനാട് ജല ശുദ്ധീകരണ ശാലയിലേക്കുള്ള ഈ റോഡിൽ അപകടങ്ങളും തുടർക്കഥയാണ്. റോഡിൽ തെരുവുനായ ശല്യം രൂക്ഷമാണ്. പഞ്ചായത്തിന്റെ പ്രധാന റോഡുകളിൽ ഒന്നായ ഈ റോഡ് അടിയന്തരമായി പുനർ നിർമിക്കണമെന്നാണ് ആവശ്യം.
2 ദിവസം മുൻപ് സമീപത്തെ കുഴി ഒഴിവാക്കി ലോറി പിറകോട്ട് എടുക്കന്നതിനിടെ സ്‌കൂട്ടർ യാത്രികനെ ഇടിച്ചിരുന്നു. അപകടത്തെ തുടർന്ന് യാത്രികൻ മരിക്കുകയും ചെയ്തു. വളഞ്ഞവട്ടം കടപ്ര ഒൻപതിൽ സഖറിയ കെ.ചാക്കോയാണ് (66) മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെ നീരേറ്റുപുറം പാലത്തിനു താഴെ നിന്നും കുട്ടനാട് ജലശുദ്ധീകരണ ശാലയിലേക്കു പോകുന്ന റോഡിൽ വച്ചായിരുന്നു അപകടം. ലോഡ് കയറ്റിപ്പോകുകയായിരുന്ന ലോറി എതിരെ വന്ന കാറിനു പോകാൻ വേഗത്തിൽ പിന്നിലേക്ക് എടുക്കുന്നതിനിടെ പിന്നിലെ സ്കൂട്ടറിൽ ഇടിക്കുകയും സഖറിയ ലോറിക്കടിയിലേക്ക് വീഴുകയുമായിരുന്നു.
മഴക്കാലത്ത് വെള്ളം കയറുന്ന പ്രദേശമാണിത്. ഈ സമയത്ത് റോഡിൻറെ അവസ്ഥ കൂടുതൽ ദുഷ്‌കരമാകും. ഈ സാഹചര്യം കണക്കിലെടുത്ത് റോഡിൻറെ പുനർനിർമാണം അതിവേഗത്തിലാകണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. റോഡിൻറെ വീതിയും വലിയൊരു പ്രശ്നമായി നിലനിൽക്കുകയാണ്. ഒരു വാഹനത്തിന് പോകാൻ മാത്രം കഴിയുന്ന വീതി മാത്രമാണ് റോഡിനുള്ളതെന്ന് നാട്ടുകാർ പറയുന്നു. സ്ത്രീകളും കുട്ടികളും വിദ്യാർത്ഥികളും അടക്കം നിത്യേന ആശ്രയിക്കുന്ന റോഡിന്റെ അവസ്ഥ ഇത്രയും ദുഷ്കരമായിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ അധികാരികൾക്കായിട്ടില്ല.