- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാങ്ങയണ്ടി തൊണ്ടയിൽ കുടുങ്ങി അഞ്ചു വയസ്സുകാരന് ശ്വാസംമുട്ടി; സമയോചിതമായ ഇടപെടലിലൂടെ കുരുന്നിന് പുനർജന്മം; യുവഡോക്ടർക്ക് നാടിന്റെ അഭിനന്ദന പ്രവാഹം

കോഴിക്കോട്: മാങ്ങ കഴിക്കുന്നതിനിടെ മാങ്ങയണ്ടി തൊണ്ടയിൽ കുടുങ്ങി മരണത്തെ മുഖാമുഖം കണ്ട അഞ്ചു വയസ്സുകാരന് രക്ഷകനായി യുവഡോക്ടർ. കക്കട്ടിൽ മുള്ളമ്പത്ത് സ്വദേശി കേദാറിന്റെ ജീവനാണ് പാതിരപ്പറ്റ സ്വദേശിയായ ഡോക്ടർ എച്ച്.എസ്. സുഹാദിന്റെ സമയോചിതമായ ഇടപെടലിലൂടെ തിരികെ ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
വീട്ടിലിരുന്ന് മാങ്ങ കഴിക്കുന്നതിനിടെ അബദ്ധത്തിൽ മാങ്ങയണ്ടി കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസമെടുക്കാൻ കഴിയാതെ കുട്ടി പിടയുന്നത് കണ്ട് പരിഭ്രാന്തരായ ബന്ധുക്കൾ ഉടൻ തന്നെ കൈവേലിയിലുള്ള ഡോക്ടറുടെ ക്ലിനിക്കിലെത്തിച്ചു. കുട്ടിയുടെ ഗുരുതരാവസ്ഥ കണ്ടയുടൻ മറ്റെല്ലാ രോഗികളെയും മാറ്റിനിർത്തി ഡോക്ടർ സുഹാദ് പ്രഥമശുശ്രൂഷ ആരംഭിച്ചു.
തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തെടുക്കാനും ശ്വാസോച്ഛ്വാസം പുനഃസ്ഥാപിക്കാനും ഡോക്ടർ നടത്തിയ വേഗത്തിലുള്ള നീക്കമാണ് വലിയൊരു അപകടം ഒഴിവാക്കിയത്. കുട്ടിയുടെ ജീവൻ കാത്ത ഡോക്ടറെ നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് നാട്ടുകാർ. ഡോക്ടറുടെ ജാഗ്രതയും കൃത്യസമയത്തെ ഇടപെടലുമാണ് കേദാറിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.


