- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിലെത്തിയ യുവാക്കൾ നടുറോഡിൽ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി; പിന്നാലെ ഫൈനാൻസ് ജീവനക്കാരനെ ആക്രമിച്ചു; കരമനയിൽ 40 പവൻ സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ

തിരുവനന്തപുരം: കരമന പോലീസ് സ്റ്റേഷൻ പരിധിയിൽ ഫൈനാൻസ് സ്ഥാപന ജീവനക്കാരനെ ആക്രമിച്ച് 40 പവൻ സ്വർണ്ണം കവർച്ച ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. പള്ളിച്ചൽ അരിക്കടമുക്ക് ചാനൽക്കര വീട്ടിൽ ഷാനവാസ് (26), കണ്ടിത്തേരി പഴയ രാജപാദയിൽ തുളസി വീട്ടിൽ കൃഷ്ണൻ (23) എന്നിവരെയാണ് കരമന പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 12-ന് വൈകുന്നേരം 7 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കരമന ആയില്യത്ത് ഫൈനാൻസിലെ ജീവനക്കാരനായ രാകേഷ് തമ്പി 40 പവൻ സ്വർണ്ണാഭരണങ്ങളടങ്ങിയ ബാഗുമായി സ്കൂട്ടറിൽ വരികയായിരുന്നു. കാരയ്ക്കാമണ്ഡപം ഭാഗത്ത് നിന്നും നീറമൺകര സിഗ്നലിന് സമീപം എത്തിയപ്പോൾ, പൾസർ ബൈക്കിലെത്തിയ പ്രതികൾ രാകേഷിന്റെ സ്കൂട്ടറിൽ പിന്നിൽ ഇടിച്ചു വീഴ്ത്തി സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതികളിൽ ഒരാളായ ഷാനവാസിനെ സംഭവസ്ഥലത്ത് വെച്ച് തന്നെ പിടികൂടിയിരുന്നു.
ഒളിവിൽ പോയ രണ്ടാം പ്രതി കൃഷ്ണനെ ഇന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. കരമന എസ്.എച്ച്.ഒ അനൂപ്, സബ് ഇൻസ്പെക്ടർമാരായ അജിത്ത് കുമാർ, കൃഷ്ണകുമാർ, അജന്തകുമാർ, സി.പി.ഒ ശ്യാംമോഹൻ, സിറ്റി ഡാൻസാഫ് അംഗങ്ങൾ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.


