ഉളിക്കല്‍(കണ്ണൂര്‍): നുച്യാട് വീട്ടില്‍നിന്ന് 27 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. നെല്ലിക്കല്‍ ബിജുവിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് നഷ്ടമായത്. വിദേശത്തുനിന്ന് നാട്ടിലേക്ക് വരുന്ന ബിജുവിനെ കൂട്ടിക്കൊണ്ടുവരുന്നതിനായി ഭാര്യയും മകളും കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയ സമയത്താണ് മോഷണം നടന്നത്.

വീട്ടില്‍ ബിജുവിന്റെ അച്ഛന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹം വീടിന്റെ വാതില്‍ പൂട്ടാതെ കടയില്‍ ചായകഴിക്കാന്‍ പോയിരുന്നു. ഈ സമയത്തായിരിക്കാം മോഷണം നടന്നതെന്നാണ് കരുതുന്നത്. ബിജുവും കുടുംബവും വീട്ടില്‍ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ഉളിക്കല്‍ പോലീസ് അന്വേഷണം തുടങ്ങി.

വീടും പരിസരവും കൃത്യമായി അറിയുന്നവരായിരിക്കും കവര്‍ച്ചയുടെ പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. വിരലടയാളവിദഗ്ധരും കണ്ണൂരില്‍നിന്നുള്ള ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.