തുറവൂർ: ആലപ്പുഴ തുറവൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന നിരവധി മോഷണക്കേസുകളിലെ പ്രതിയെ കുത്തിയതോട് പൊലീസ് പിടികൂടി. എറണാകുളം മുണ്ടൻവേലി പാലംപള്ളി പറമ്പിൽ അഭിലാഷ് ആന്റണി (28) ആണ് അറസ്റ്റിലായത്. കുത്തിയതോട് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.കെ. അജയമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് എരമല്ലൂർ എൻ.വൈ.സി. ബാറിന് കിഴക്കുവശത്തുള്ള ഒളിസങ്കേതത്തിൽ നിന്ന് ഇയാളെ പിടികൂടിയത്.

കുത്തിയതോട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു അടിപിടി കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്നാണ് അഭിലാഷിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇയാൾക്കെതിരെ എറണാകുളം സെൻട്രൽ, ഹിൽപാലസ്, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ ബൈക്ക് മോഷണക്കേസുകളും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 10 ഓളം മോഷണക്കേസുകളും നിലവിലുണ്ട്. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്.ഐ. രാജീവ്, സി.പി.ഒ.മാരായ വിജേഷ്, സൈലൂമോൻ, എസ്.സി.പി.ഒ. രജീഷ് എന്നിവരും ഉൾപ്പെടുന്നു. തുടർനടപടികൾക്കായി ഇയാളെ ഹിൽപാലസ് പൊലീസിന് കൈമാറി.