- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലംഗ സംഘം മോഷ്ടിച്ചത് അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന പെയിൻ്റിങ് മെഷീൻ; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം; പ്രതികൾ പിടിയിൽ
അരൂർ: അരൂർ-തുറവൂർ ഉയരപ്പാതയുടെ നിർമ്മാണ പ്രവൃത്തികൾക്കായി ഉപയോഗിച്ചിരുന്ന മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന പെയിന്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാലംഗ സംഘത്തെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 24-ന് നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പ്രതികളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. എറണാകുളം കുമ്പളം കൈതവേലിക്കകത്ത് മഞ്ജുഷ് കുമാർ (43), എറണാകുളം തമ്മനം നടത്തനാട് പറമ്പിൽ അനസ് എന്നറിയപ്പെടുന്ന റസാഖ് (54), എറണാകുളം കൈപ്പട്ടൂർ വൃന്ദാവനം വീട്ടിൽ അനീഷ് അനി (28), കുമ്പളം പറക്കാട്ടേഴത്ത് വീട്ടിൽ സിജു (45) എന്നിവരാണ് പിടിയിലായത്.
നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും അഞ്ഞൂറിലധികം വാഹനങ്ങളുടെ നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ വലയിലാക്കിയത്. മോഷണം പോയ മെഷീൻ തമ്മനത്തെ റസാഖിന്റെ കടയിൽ നിന്നും പോലീസ് കണ്ടെടുത്തു. അരൂർ വില്ലേജ് ഓഫീസിന് മുന്നിലുള്ള ബാരിക്കേഡിനുള്ളിൽ നിന്നാണ് കംപ്രസറോടുകൂടിയ പെയിന്റിങ് മെഷീൻ മോഷണം പോയത്. ഉയരപ്പാതയുടെ പെയിന്റിങ് ജോലികൾക്കായി നിർമ്മാണ കമ്പനി ചേർത്തല ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനിക്ക് ഉപകരാർ നൽകിയിരുന്നു.
ഈ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് മോഷണം പോയ യന്ത്രം. ഓട്ടോറിക്ഷയിലെത്തിയാണ് പ്രതികൾ മോഷണം നടത്തിയത്. അരൂർ പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ കെ.ജി. പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് തെളിയിച്ചത്. പിടിയിലായ പ്രതികൾക്ക് വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാനമായ മറ്റ് കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.




